കൊച്ചി: കൈക്കൂലി കേസിൽ വിജലൻസ് അറസ്റ്റ് ചെയ്ത കൊച്ചി കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മധുവിനെയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനുവിനെയും ഭരണപക്ഷം സംരക്ഷിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്ത ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനുവിനെ ജോയിന്റ് ഡയറക്ടർ തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് സ്ഥലം മാറ്റിയത്. റവന്യൂ ഇൻസ്‌പെക്ടർ കൈക്കൂലി ചോദിക്കുന്നുവെന്ന് കൗൺസിലിൽ ആരോപിച്ചപ്പോൾ തന്നെ അന്വേഷണ വിധേയമായി ആ ഉദ്യോഗസ്ഥനെ മേയർ സസ്‌പെൻഡ് ചെയ്തു. എന്നാൽ കൈക്കൂലി വാങ്ങി വിജിലൻസിന്റെ പിടിയിലായ ഉദ്യോഗസ്ഥർ പാർട്ടിക്കാരായതുകൊണ്ട് ഇവർക്കെതിരെ നഗരസഭ യാതൊരു നടപടികളും എടുത്തില്ല. മാത്രമല്ല സ്ഥലംമാറ്റം നൽകി കേസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം കൂടി മേയർ ഒരുക്കിക്കൊടുക്കുകയാണ്. അഴിമതിക്കാർ പാർട്ടിക്കാരാണെങ്കിൽ സംരക്ഷിക്കാൻ എന്ത് നിലപാടും എടുക്കുമെന്ന മേയറുടെ സമീപനം ഒരു ഭരണഘടന സ്ഥാപനത്തിന്റെ ഭരണകർത്താവിന് ചേർന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.