
പറവൂർ: ബ്ളൂടൂത്ത് സ്പീക്കറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കൊറിയർ വഴി കേരളത്തിലെത്തിച്ച കേസിൽ ചെങ്ങമനാട് പുതുവശ്ശേരി നീലത്തുപള്ളത്ത് അജ്മൽ മജീദ് (27)നെ പറവൂർ രണ്ടാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചു. 10 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒന്നരവർഷം വെറുംതടവ് അനുഭവിക്കണം. മുംബയിൽ നിന്ന് പ്രതിയും മറ്റു രണ്ട് പേരും ചേർന്നാണ് മെത്താംഫീറ്റമിൻ ഹൈഡ്രോ ക്ലോറൈഡ് എന്ന മയക്കുമരുന്ന് കടത്തിയിരുന്നത്. രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ 2022 സെപ്തംബർ 16ന് അങ്കമാലിയിലെ ഒരു കൊറിയർ സ്ഥാപനത്തിൽ നിന്ന് പാഴസൽ വാങ്ങി കാറിൽ കയറിയപ്പോഴാണ് അങ്കമാലി പൊലീസ് അജ്മലിനെ ആദ്യം പിടികൂടിയത്. ചോദ്യംചെയ്യലിൽ കുട്ടമശ്ശേരിയിലുള്ള മറ്റൊരു കൊറിയർ സ്ഥാപനത്തിലൂടെയും മയക്കുമരുന്ന് അയച്ചതായി അജ്മൽ വെളുപ്പെടുത്തി. പരിശോധനയിൽ 201. 480 ഗ്രാം മയക്കുമരുന്ന് കണ്ടെത്തി. ഈ കേസിലാണ് ശിക്ഷിച്ചത്. ആദ്യത്തെ മയക്കുമരുന്ന് കേസും ഇതേ കോടതിയിൽ വിചാരണയിലാണ്.
വ്യാജ വിലാസത്തിൽ ഇടപാട്
പലരിൽ നിന്നും സംഘടിപ്പിച്ച ആധാർ, സിം കാർഡുകൾ എന്നിവ ഉപയോഗിച്ച് വ്യാജ മേൽവിലാസം ഉണ്ടാക്കിയാണ് മുംബയിൽ പല ഹോട്ടലുകളിൽ താമസിച്ച് അജ്‌മൽ മയക്കുമരുന്ന് വാങ്ങുന്നത്. മൈക്ക് എന്ന പേരുള്ള നൈജീരിയക്കാരണ് മയക്കുമരുന്ന് നൽകിയിരുന്നത്.
ഇയാൾക്ക് നെടുമ്പാശേരിയിൽ നിന്ന് വാച്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ അജ്മൽ പാഴ്സലായി അയച്ചിട്ടുണ്ട്. അന്വേഷണത്തിൽ മൈക്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല.നെടുമ്പാശേരിയിൽ വ്യാജ മേൽവിലാസത്തിൽ അജ്മൽ ഒരു അപ്പാർട്ട്‌മെന്റ് വാടകയ്ക്കെടുത്ത് താമസിക്കുകയും പാഴ്സൽ എത്തുന്നതിന് മുമ്പ് ഒഴിയുകയും ചെയ്തു. അപ്പാർട്‌മെന്റിൽ താമസക്കാരനായ പ്രതിയുടെ സുഹൃത്തിന്റെ മേൽവിലാസത്തിലാണ് പാഴ്സൽ അയച്ചത്. മുംബയിൽ അജ്മൽ താമസിച്ച ഹോട്ടലുകൾ, കൊറിയർ സ്ഥാപനം എന്നിവടങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരടക്കം 28 സാക്ഷികളെ വിസ്തരിച്ചു. ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.