 
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) പുതിയ വികസന സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിയാൽ മാസ്റ്റർപ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ തുടർനിക്ഷേപ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് - താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തുകയായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള താജ് ഹോട്ടലിലേക്ക് ലാൻഡിംഗ് കഴിഞ്ഞ് 15 മിനിട്ടിനുള്ളിൽ എത്താം. കഴിഞ്ഞ സെപ്റ്റംബറിൽ യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യത്തോടെ ടെർമിനലിൽത്തന്നെ തങ്ങാൻ കഴിയുന്നതരത്തിൽ പണികഴിപ്പിച്ച 0484 എയ്‌റോ ലോഞ്ച് സിയാൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന താജ് ഹോട്ടൽ, വിമാനത്താവള സേവനങ്ങളുടെ നിലവാരത്തിന് പ്രൗഢി പകരും. 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബോർഡ് റൂമുകൾ, വിസ്റ്റ, ഹൗസ് ഓഫ് മിംഗ് എന്നീ റസ്റ്റോറന്റുകൾ, ബ്രിസ്റ്റ് റൂട്ട് കോഫി-കേക്ക് പാർലർ എന്നിവയും സജ്ജമാകും.