പെരുമ്പാവൂർ: കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലേക്ക് അതിമനോഹര ചുവർച്ചിത്രങ്ങൾ ഒരുക്കി വളയൻചിറങ്ങര പുത്തൻകോട്ടയിൽ രാജേന്ദ്രൻ. കൊടുങ്ങല്ലൂർ ഭഗവതി, പരമശിവന്റെ പ്രദോഷ നൃത്തം, മഹാഗണപതി, വീരഭദ്രൻ, സപ്തമാതാക്കൾ തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങളാണ് പഞ്ചവർണക്കൂട്ടിൽ രാജേന്ദ്രൻ ഒരുക്കിയിരിക്കുന്നത്. സപ്തമാതാക്കളുടെ ചിത്രങ്ങൾ ഏഴും ഒറ്റ പാനലിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ധ്യാനശ്ലോകങ്ങളെ അടിസ്ഥാനമാക്കിയാണ് സപ്തമാതൃക്കൾ ഉൾപ്പെടെയുള്ള ദേവീ, ദേവ രൂപങ്ങളുടെ ചുവർച്ചിത്ര ശൈലിയിലുള്ള ആലേഖനം. രണ്ടര മാസത്തോളം സമയമെടുത്താണ് ചിത്രരചന പൂർത്തിയാക്കിയത്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലേക്ക് ഈ ചിത്രങ്ങൾ വഴിപാടായി സമർപ്പിച്ചിട്ടുള്ളത് ഡൽഹിയിൽ ഉദ്യോഗസ്ഥനായ വി. വിനോദ് കുമാറാണ്.
ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പുരസ്‌കാരത്തിന് പുറമെ, എം.വി. ദേവൻ കലാഗ്രാമത്തിന്റെയും സിദ്ധാർത്ഥാ ഫൗണ്ടേഷന്റെയും അവർഡുകളും മലയാള പുരസ്‌കാരവും രജേന്ദ്രന് ലഭിച്ചിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രം, തിരുനക്കരക്ഷേത്രം, ശ്രീ പൂർണത്രയീശക്ഷേത്രം തുടങ്ങി ആരാധനാലയങ്ങളിൽ ചുവർച്ചിത്രരചന നടത്തി. കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പലത്തിലെയും ശ്രീകൃഷ്ണ ക്ഷേത്രം ശ്രീകോവിലിലെയും ചിത്രങ്ങളും ഒരുക്കിയത് ഈ കലാകാരനാണ്. ലളിതകലാ അക്കാഡമിക്കുവേണ്ടി പാലക്കാട് കുഞ്ചൻ സ്മാരകത്തിൽ നമ്പ്യാരുടെ 'കാലനില്ലാത്ത കാലം' എന്ന തുള്ളൽ കൃതിയെ അടിസ്ഥാനമാക്കിയും ചിത്രം രചിച്ചു. നിരവധി പ്രമുഖർക്കും ചിത്രങ്ങൾ വരച്ചുനൽകിയിട്ടുണ്ട്. കൊടുങ്ങലൂർ ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങളുടെ 'നേത്രോന്മീലനം' 31ന് രാവിലെ ക്ഷേത്രാങ്കണത്തിൽ നടക്കും.