പള്ളുരുത്തി: നഗരസഭ പള്ളുരുത്തി ഹെൽത്ത് സർക്കിൾ ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായവർക്കെതിരെ നടപടിയുമായി കോർപ്പറേഷൻ. രണ്ട് പേരെ സസ്പെൻഡ് ചെയ്തു. ഒരാളെ പിരിച്ചുവിട്ടു. ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്.മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ പി.എസ്. ഷാനു എന്നിവർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചപ്പോൾ താത്കാലിക ശുചീകരണ ജീവനക്കാരനായ ജോണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇയാൾഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമായി ജോലിക്ക് കയറിയ ആളാണ്. കേസിൽ റിമാൻഡിലായിരുന്ന മൂന്ന് പ്രതികൾക്ക് കോടതി നിലവിൽ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇതിനിടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്.ഷാനുവിനെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലേക്ക് സ്ഥലം മാറ്റിയതായി കഴിഞ്ഞ ദിവസം നഗരസഭ ഉത്തരവിറക്കിയത് വിവാദമായി. ഇയാൾ സസ്പെൻഷനിലായതിനാൽ ജോലിയിൽ പ്രവേശിക്കാനാവില്ല, സംഭവത്തിന് മുൻപ് തന്നെ ഇയാൾ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് ലിസ്റ്റിൽ ഉൾപ്പെട്ടതെന്നും അസ്വാഭാവികതയില്ലെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി. പള്ളുരുത്തി നമ്പ്യാപുരത്ത് മൊബൈൽ ആക്സസറീസ് ഗോഡൗൺ തുടങ്ങുന്നതിനായി അപേക്ഷ സമർപ്പിച്ച ആലുവ സ്വദേശിയിൽ നിന്ന് അൻപതിനായിരത്തിൽ അഡ്വാൻസായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഈ മാസം ആറിനാണ് ഇവർ വിജിലൻസിന്റെ പിടിയിലായത്.