
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് ഭരണ മുന്നണിക്കെതിരെ ഭരണകക്ഷി അംഗത്തിന്റെ കുത്തിയിരിപ്പ് സമരം. ട്വന്റി20 പഞ്ചായത്ത് ഭരണസമിതിക്കെതിരെയാണ് വീട്ടൂർ വാർഡ് അംഗം എൽദോസ് ഒറ്റയാൾ സമരം നടത്തിയത്. വാർഡിൽ വികസനത്തിന് തുക അനുവദിക്കുന്നില്ലെന്നാണ് പരാതി. രാവിലെ 8.30ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ തുടങ്ങിയ കുത്തിയിരിപ്പ് സമരം വൈകിട്ടാണ് അവസാനിപ്പിച്ചത്. അതിനിടെ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും എൽദോസ് പ്രതിഷേധവുമായെത്തി. മറ്റ് വാർഡുകൾക്ക് വാരിക്കോരി നൽകുമ്പോൾ തനിക്ക് ഒന്നും തരുന്നില്ലെന്നാണ് എൽദോസിന്റെ ആരോപണം. ബി.എം ബി,സി നിലവാരത്തിൽ ടാർ ചെയ്യാൻ അനുമതി ലഭിച്ച റോഡും പണിയുന്നില്ല. നിരവധി പ്രതിഷേധങ്ങൾ അറിയിച്ചെങ്കിലും ഫലമില്ലെന്ന് കണ്ടതോടെയാണ് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്.