
സാമ്പത്തിക  പരിഷ്കരണത്തിന്റെ  പിതാവെന്ന് പോൾ തോമസ്
കൊച്ചി : ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങൾക്കും പ്രതിബദ്ധതയ്ക്കും ഡോ. മൻമോഹൻ സിംഗ് എന്നും ഓർമ്മിക്കപ്പെടുമെന്ന് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ. പോൾ തോമസ് പറഞ്ഞു. വിമർശകർക്കിടയിൽപ്പോലും, അദ്ദേഹം ഒരു ദീർഘവീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായും അനുകമ്പയും സഹിഷ്ണുതയും ഉള്ള രാഷ്ട്രീയക്കാരനായും അംഗീകരിക്കപ്പെട്ടു. 1990-കളുടെ തുടക്കത്തിൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ മുഖ്യ ശില്പിയാവുകയും ആഗോളതലത്തിൽ മത്സരാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റുവാനും അദ്ദേഹത്തിനായി.
ചരിത്ര യുഗത്തിന്റെ അവസാനമെന്ന് വിനോദ് തരകൻ
ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗമാണ് അവസാനിച്ചതെന്ന് ക്ലേസിസ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വിനോദ് തരകൻ പറഞ്ഞു. സമാനതകളില്ലാത്ത കാഴ്ചപ്പാടുകളുടെയും സമഗ്രതയുടെയും നേതാവായിരുന്നു അദ്ദേഹം. സമഗ്രമായ കാഴ്ചപ്പാടോടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം തന്നെ സമർപ്പിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണം ആഗോള വിപണികൾ കൂടുതൽ മെച്ചപ്പെടുകയും വ്യവസായങ്ങളെ ശാക്തീകരിക്കുകയും ചെയ്തു.
രാജ്യമുന്നേറ്റത്തിന് പ്രാധാന്യം നൽകിയ വ്യക്തിത്വമെന്ന് ഡോ. ആസാദ് മൂപ്പൻ
സാമ്പത്തിക വിദഗ്ദ്ധൻ, രാഷ്ട്രമീമാംസകൻ, ദയാലുവായ നേതാവ് എന്നീ നിലകളിൽ ഡോ. മൻമോഹൻ സിംഗ് അനുഷ്ഠിച്ച സേവനങ്ങൾ രാജ്യത്തിന്റെ മുന്നേറ്റത്തിൽ മായ്ക്കാനാകാത്ത മുദ്രകൾ പതിപ്പിച്ചിട്ടുണ്ടെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. സാമ്പത്തികനയ പരിഷ്കാരങ്ങളിലും ലോകവേദിയിലെ നിലപാടുകളിലും ധനമന്ത്രിയെന്ന നിലയിലും പ്രധാനമന്ത്രി പദവിയിലും അദ്ദേഹം നിർണായകമായ ചുവടുവെയ്പ്പുകളാണ് നടത്തിയത്.