kothamangalam
കുട്ടമ്പുഴയിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് കളക്ട‌ർ എൻ.എസ്.കെ ഉമേഷിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം നടക്കുന്നു

കോതമംഗലം: കുട്ടമ്പുഴയിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മിഷൻ സോളാർ ഫെൻസിംഗ് പദ്ധതി പ്രകാരം നിലവിലുള്ള ഫെൻസിംഗ് ശരിയാക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. നാളെ ഫെൻസിംഗ് പൂർണമായി ചാർജ് ചെയ്യാനാണ് ശ്രമിക്കുന്നത്. ട്രെഞ്ചിംഗ് നടപടികൾ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം പദ്ധതി പൂർത്തിയാകും. നിലവിൽ മൂന്ന് ഡി.എഫ്.ഒ മാരുടെ കീഴിലാണ് കുട്ടമ്പുഴ വരുന്നത്. റാപിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ എല്ലാ ഡി.എഫ്.ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

യോഗത്തിൽ ഉന്നയിച്ച ചില കാര്യങ്ങളിൽ സർക്കാരിന്റെ തീരുമാനം ആവശ്യമാണ്. ഇക്കാര്യങ്ങൾ ജില്ലാ കളക്ടറും എം.എൽ.എയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. സ്ഥിരമായി ഒരു ആനയാണ് ശല്യം ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ അറിയിച്ചു. ഈ ആനയുടെ കാര്യത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കും. കുട്ടമ്പുഴ പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ-വനം-പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടമ്പുഴയിൽ വന്യമൃഗ ശല്യം ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ തുടർയോഗങ്ങൾ നടത്തും.

എൻ.എസ്.കെ ഉമേഷ്

ജില്ലാ കളക്ടർ

പ്രധാന തീരുമാനങ്ങൾ, നടപടികൾ

ഹാഗിംഗ് ഫെൻസിംഗ് ടെൻഡർ എടുക്കാൻ ആളില്ലാത്ത പ്രശ്നം പരിഹരിക്കാൻ ട്രെഞ്ചിംഗ് കരാർ എടുത്ത വ്യക്തിയെ തന്നെ ഏൽപ്പിക്കും

വഴിയിൽ എല്ലായിടത്തും ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നു

 നിലവിലുള്ള എല്ലാ ലൈറ്റുകളും പ്രവർത്തന ക്ഷമമാക്കാൻ അറ്റകുറ്റപ്പണി നടത്തും

പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കരാർ വിളിച്ചു

 ഇതിൽ കാലതാമസം ഒഴിവാക്കാൻ ഷോർട്ട് ടെൻഡർ വിളിക്കാനുള്ള നടപടികൾക്കായി ദുരന്ത നിവാരണ നിയമപ്രകാരം അനുമതി നൽകും

കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച ഉരുളൻതണ്ണി കൊടിയാട്ട് എൽദോസിന്റെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ കൈമാറി. ബാക്കി 5 ലക്ഷം ലീഗൽ ഹെയർഷിപ്പ് അനുമതി ലഭിച്ച ശേഷം നൽകും. ജനുവരി 30ന് മുൻപ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കും.