കൊച്ചി: മുനമ്പത്തെ 610 കുടുംബങ്ങൾ വിലകൊടുത്ത് നിയമാനുസൃതം സ്വന്തമാക്കി അനുഭവിക്കുന്ന ഭൂമിയിലെ വഖഫ് ബോർഡിന്റെ അവകാശവാദം നിയമപരമായും ധാർമ്മികമായും നിലനിൽപ്പില്ലാത്തതാണെന്ന് കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) പറഞ്ഞു.
മുനമ്പം പ്രശ്‌നപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർക്ക് സമർപ്പിച്ച നിവേദനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, മുൻ ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ എന്നിവരാണ് കമ്മിഷൻ ഓഫീസിലെത്തി നിവേദനം സമർപ്പിച്ചത്.
നിവേദനത്തിലുള്ളത്
2019ൽ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയും ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത വഖഫ് ബോർഡിന്റെ തീരുമാനം പൂർണമായും തെറ്റും അനുചിതവുമാണ്.
വഖഫ് ആധാരമെന്ന് പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകൾ, അക്കാലത്തെ ഭൂമിയുടെ യഥാർത്ഥ കൈവശാവകാശികൾ, അന്നത്തെ നിയമവ്യവസ്ഥകൾ, തീരുമാനത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ എന്നിവ കണക്കിലെടുക്കാതെ ബോർഡ് തീരുമാനിക്കുകയായിരുന്നു.
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഫറൂഖ് കോളേജിന് നൽകുന്ന ഭൂമി ഉപയോഗിക്കാനാവൂ എന്ന നിബന്ധന മതപരമോ ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ ഒഴിവാക്കപ്പെടുന്നതിനാൽ വഖഫിന്റെ അടിസ്ഥാനസ്വഭാവം നഷ്ടപ്പെടുത്തുന്നു.
ഭൂമി ഫറൂഖ് കോളേജിന് സമ്മാനമായി ലഭിച്ച സ്വത്താണ്. 1975ൽ ഹൈക്കോടതിയുടെ വിധിയിൽ കോളേജിന് സമ്മാനമായി ലഭിച്ചതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോളേജ് വസ്തുക്കൾ കൈമാറിയ നടപടി നിയമപരമായി സാധുതയുള്ളതാണ്.