love

കൊച്ചി: സാമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രണയക്കെണിയിൽ വീഴ്ത്തും. പിന്നെ സ്വകാര്യ നിമിഷങ്ങൾ റെക്കോഡ് ചെയ്ത ശേഷം പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെടും. നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും പ്രചരിപ്പിക്കും. സമാനതകളില്ലാത കുറ്റകൃത്യംചെയ്ത് പണം കൈക്കലാക്കുന്ന യുവാവ് പൊലീസ് പിടിയിലായി. പശ്ചിമബംഗാൾ ദിനാജ്പൂർ ഗോൽപോക്കർ സ്വദേശി അജദ് ആലമിനെയാണ് (26) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പശ്ചിമബംഗാൾ സ്വദേശിയും എറണാകുളത്ത് താമസിക്കുന്ന 31കാരിയുമായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. പ്രണയക്കെണിയിൽ വീഴ്ത്തി കൈക്കലാക്കിയ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ അഞ്ച് ലക്ഷംരൂപ ആവശ്യപ്പെട്ട കേസിലാണ് നടപടി. യുവതി സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. കഴിഞ്ഞ വർഷമാണ് വിവാഹിതയായ പരാതിക്കാരി പ്രതിയുമായി സൗഹൃദത്തിലാകുന്നത്. വൈകാതെ ഇവരെ അജദ് പ്രണയക്കെണിയിൽ വീഴ്ത്തി. സ്വകാര്യ വീഡിയോകോളുകളും ചാറ്റുകളെല്ലാം ഇയാൾ റെക്കോഡ് ചെയ്തിരുന്നു. പരാതി നൽകിയ ദിവസങ്ങളിലെല്ലാം ഇയാൾ എറണാകുളത്തുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

 ലൈംഗികമായും പീഡിപ്പിച്ചു

ഭീഷണിപ്പെടുത്തിയ പ്രതി, ഡിസംബറിൽ കൊച്ചിയിലെത്തി വീട്ടമ്മയെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങളും ഇയാൾ പകർത്തിയിരുന്നു. സെപ്തംബറിലും ഇയാൾ കേരളത്തിലെത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം വീണ്ടുമെത്തിയ ഇയാൾ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടാതിരിക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ദൃശ്യങ്ങളും മറ്റും പതിവുപോലെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.