
കൊച്ചി: സമൂഹമനഃസാക്ഷിയുടെ പക്ഷത്തു നിലയുറപ്പിച്ച് അധഃസ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമാകാൻ കഴിഞ്ഞ ഏകപത്രമാണ് കേരളകൗമുദിയെന്ന് കേരള സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് പി. സോമരാജൻ പറഞ്ഞു. ഇരുൾമൂടിയ കാലഘട്ടത്തിന് വെളിച്ചമേകുകയും സമൂഹത്തിന് വഴികാട്ടുകയും ചെയ്തു. വാർത്തകൾ വളച്ചൊടിക്കപ്പെടുന്ന കാലത്ത് മുഖംനോക്കാതെ സത്യം വിളിച്ചുപറയാൻ കേരളകൗമുദി ചങ്കൂറ്റം കാട്ടുന്നു. കേരളകൗമുദിയുടെ 114ാം വാർഷികാഘോഷവും പത്രം കൊച്ചിയിലെത്തിയതിന്റെ 104ാം വാർഷികവും ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യൽ ഡിസിപ്ലിൻ പോലെ മാദ്ധ്യമരംഗത്തും അച്ചടക്കവും സുതാര്യതയും അനിവാര്യമാണ്. ഒരു ന്യായാധിപനെപ്പോലെ മാദ്ധ്യമപ്രവർത്തകനും ഉത്തരവാദിത്വങ്ങളേറെയാണ്. വാർത്തയുടെ പ്രാധാന്യമെന്താണെന്നും സമൂഹത്തിന് ഗുണപരമായ എന്തെങ്കിലും അതിലുണ്ടോയെന്നും മാദ്ധ്യമപ്രവർത്തകർ വിലയിരുത്തണം. ഒരു സംഭവത്തിന്റെ ഏതെങ്കിലുമൊരു ഭാഗം വിട്ടുകളയുമ്പോൾ ഭാഗികസത്യമേ വായനക്കാരന് അറിയാനാവൂ. മാദ്ധ്യമപ്രവർത്തകന്റെ അശ്രദ്ധയും തെറ്റുകളും സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. കൊള്ളയും കൊലപാതകവുമെല്ലാം കുത്തിനിറച്ച് സിനിമകൾ ഹിറ്റാക്കുന്നതു പോലെയാകരുത് മാദ്ധ്യമപ്രവർത്തനം. പ്രചാരം കൂട്ടാൻ വാർത്തകൾ വളച്ചൊടിക്കുന്ന കാലഘട്ടത്തിൽ കേരളകൗമുദി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കാലാതീതമാണെന്നും അദ്ദേഹം വ്യക്തമാക്കി.