accident
തടിലോറി ഇടിച്ച് മൂവാറ്റുപുഴ കച്ചേരിതാഴത്തെ ഇലക്ട്രിക് പോസ്റ്റ് തകർത്തനിലയിൽ

മൂവാറ്റുപുഴ: തടിലോറി ഇടിച്ച് മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ഇലക്ട്രിക് പോസ്റ്റ് തകർത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്ന് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണമായും തകർന്നു. ഇതേ തുടർന്ന് നഗരത്തിൽ വൈദ്യുതി തടസമുണ്ടായി. ഇന്നലെ ഉച്ചയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. അപകടത്തെത്തുടർന്ന് പോസ്റ്റിലൂടെ പോയിരുന്ന ബി.എസ്.എൻ.എൽ ,കേരള വിഷൻ തുടങ്ങിയ ഇൻറർനെറ്റ് സേവനദാതാക്കളുടെ കേബിളുകൾക്കും സാരമായ തകരാറ് സംഭവിച്ചു. അപകടത്തെ തുടർന്ന് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കുമുണ്ടായി. നഗരവികസനത്തിന്റെ ഭാഗമായി റോഡിന്റെ വീതി കൂട്ടുന്ന അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. നിയമവിരുദ്ധമായി അമിത ഭാരം കയറ്റി വരുന്ന തടിലോറികൾ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് മൂവാറ്റുപുഴ നഗരത്തിലൂടെയും എം.സി റോഡിലൂടെയും ഇടതടവില്ലാതെ കടന്നുപോകുന്നത്. ഇത് നിയന്ത്രിക്കേണ്ടവർ നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.