cm

താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിന് തുടക്കം

നെടുമ്പാശേരി: മാറുന്ന കാലത്തിനനുസരിച്ച് നിരന്തരം നവീകരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ നിലനിൽപ്പുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പഞ്ചനക്ഷത്ര ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉൽപ്പന്നവും സേവനവും ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാൻ പ്രൊഫഷണൽ മാർക്കറ്റിംഗ് വേണമെന്ന സിയാലിന്റെ സമീപനം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാതൃകയാണ്.
ആസൂത്രണത്തോടെ പദ്ധതികൾ നടപ്പിലാക്കിയാൽ അത് വലിയ വിജയമാകുമെന്നതിന് ഉദാഹരണമാണ് കഴിഞ്ഞ സെപ്റ്റംബറിൽ സിയാലിൽ ആരംഭിച്ച 0484 എയ്‌റോ ലോഞ്ച്. സ്വന്തമായുള്ള ഭൂമിയുടെ വിനിയോഗം എന്ന ആശയത്തിലൂന്നിയാണ് സിയാൽ പഞ്ചനക്ഷത്ര ഹോട്ടൽ ആരംഭിച്ചത്. ഇന്ത്യയിൽ ബിസിനസ് മാതൃകയിൽ ഹോട്ടൽ സംരംഭം തുടങ്ങുന്ന രണ്ടാമത്തെ വിമാനത്താവളമാണ് സിയാൽ.

മന്ത്രി പി.രാജീവ് അദ്ധ്യക്ഷനായിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ഐ. എച്ച്.സി.എൽ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ദീപിക റാവു, സീനിയർ വൈസ് പ്രസിഡന്റ് സത്യജീത് കൃഷ്ണൻ, സിയാൽ ഡയറക്ടർമാരായ, എൻ.വി. ജോർജ്, ഡോ. പി. മുഹമ്മദലി , എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, വി. ജയരാജൻ, സി.എഫ്.ഒ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ ജി. മനു, ജനറൽ മാനേജർ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

മുൻ പ്രധാനമന്ത്രിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ ആഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.

30,000 പുതിയ തൊഴിലുകൾ

ഭാവി വികസനം ലക്ഷ്യമിട്ട് മൂന്നാം ടെർമിനൽ വികസനം, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്, കമേഴ്‌സ്യൽ കോംപ്ലക്‌സ്, ഗോൾഫ് ടൂറിസം പദ്ധതി എന്നിവ പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തികവർഷം പൂർത്തിയാകുന്ന ഈ പദ്ധതികളിലൂടെ 30,000 തൊഴിലവസരം ലഭിക്കും.കൂടുതൽ വിമാനകമ്പനികളെ ആകർഷിക്കുക,

ലക്ഷ്യം

പ്രദേശികമായ കണക്ടിവിറ്റി വർധിപ്പിക്കാനും, പരമാവധി സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യാനും, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനുമാണ് ഏറെ ശ്രദ്ധ പതിപ്പിക്കുന്നത്. ഇതോടൊപ്പം എം.ആർ.ഒ സേവനങ്ങൾ മെച്ചപ്പെടുത്തി രാജ്യത്തിന്റെ പ്രവേശന കവാടമായി മാറുകയാണ് സിയാലിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.