നെടുമ്പാശേരി: ദാമ്പത്യ ജീവിതത്തിൽ 50 വർഷം പിന്നിട്ടവർ നാദസ്വരത്തിന്റെയും കുരവയുടെയും ശബ്ദമുഖരിത അന്തരീക്ഷത്തിൽ മന്ത്രകോടി കൈമാറിയും തുളസിമാല ചാർത്തിയും വീണ്ടും 'നവ വധൂവരന്മാർ' ആയത് കുറുമശേരിക്ക് വേറിട്ട കാഴ്ചയായി.
കുറുമശേരി ചൈതന്യ മഹിളാസമാജം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് 50 വർഷം പിന്നിട്ട നാല് ദമ്പതികൾക്ക് വ്യത്യസ്തമായ ആദരവ് നൽകിയത്. കുറുമശേരി പിണ്ടാണിപറമ്പിൽ രാഘവൻ - വത്സല, അമ്പാട്ടുപറമ്പിൽ വിശ്വംഭരൻ - സാവിത്രി, ദർശനയിൽ ബാലകൃഷ്ണൻ - പ്രസന്ന, പള്ളത്ത് വീട്ടിൽ പരമേശ്വരൻ - വിലാസിനി എന്നിവരാണ് വീണ്ടും വധൂവരന്മാരായത്. വിവാഹ ചടങ്ങുകൾ വേദിയിൽ പുനരാവിഷ്കരിച്ചപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും ആഹ്ളാദം പങ്കുവച്ചു.
രജതജൂബിലി ആഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പ്രസന്ന ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ ആദ്യകാല പ്രവർത്തകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിഷ ശ്യാം, ശാരദ ഉണ്ണിക്കൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കുറുമശേരി ശാഖ പ്രസിഡന്റ് എം.കെ. ശശി, വി.എൻ. അജയകുമാർ, കെ.വി. ഷിബു, ഷേർളി അശോകൻ, രജനി രാജൻ, ഷെറി ജയരാജ് എന്നിവർ സംസാരിച്ചു.
സമാജ മന്ദിരത്തിൽ വയോജനങ്ങൾക്കായി 'പകൽ വീട്' ആരംഭിക്കാനും തീരുമാനിച്ചു. ഭാരവാഹികളായി പ്രസന്ന ബാലകൃഷ്ണൻ (പ്രസിഡന്റ്), ഗിരിജ പണിക്കർ (വൈസ് പ്രസിഡന്റ്), ഷെറി ജയരാജ് (സെക്രട്ടറി ), വത്സല ബാലകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), രജനി രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.