
പെരുമ്പളം: പൂത്തോട്ട-വാത്തിക്കാട് റൂട്ടിലെ ജങ്കാർ കായലിനു നടുവിൽ നിലച്ചത് യാത്രക്കാരിൽ ഭീതി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ഭാരവാഹനങ്ങളുമായി പൂത്തോട്ടയിൽ നിന്ന് പെരുമ്പളം വാത്തിക്കാട് ജെട്ടിയിലേക്ക് യാത്ര ചെയ്തിരുന്ന ജങ്കാറാണ് വത്തിക്കാടിനടുത്ത് വച്ച് നിലച്ചത്. വേലിയിറക്ക സമയമായതിനാൽ ജങ്കാർ വടക്കോട്ട് ഒഴുകുകയായിരുന്നു. ജീവനക്കാർ ആങ്കർ ഉപയോഗിച്ച് ജങ്കാറിനെ നിയന്ത്രണവിധേയമാക്കി. വിവരമറിഞ്ഞെത്തിയ റെസ്ക്യൂ ബോട്ട് 12.30 ഓടെ ജങ്കാറിനെ കെട്ടിവലിച്ച് പള്ളിപ്പാട് അമ്പലത്തിന് സമീപത്തുള്ള പറമ്പിനോട് ചേർത്തടുപ്പിച്ചു. യാത്രക്കാരെ സുരക്ഷിതമായി അവിടെത്തന്നെ ഇറക്കുകയും ചെയ്തു.
ഭാരവാഹനങ്ങൾ നിറഞ്ഞ ജങ്കാർ വാത്തിക്കാട് ജട്ടിയിൽ അടുപ്പിച്ചാൽ മാത്രമേ വാഹനങ്ങൾ ഇറക്കാൻ കഴിയൂ. കഴിഞ്ഞ ആറു മാസമായി സർക്കാരിന്റെ ജങ്കാർ മുടങ്ങിയ റൂട്ടിൽ ഒരു മാസമായി ആലപ്പുഴയിലെ സ്വകാര്യ കമ്പനി കരാർ വ്യവസ്ഥയിൽ സർവ്വീസ് നടത്തുന്ന ഒറ്റ എഞ്ചിനുള്ള ജങ്കാറാണ് യാത്രക്കിടയിൽ നിലച്ചത്. ഇരട്ട എഞ്ചിനുള്ള വാഹനമായിരുന്നെങ്കിൽ രണ്ടാമത്തെ എൻജിൻ പ്രവർത്തിപ്പിച്ച് കരയിൽ അടുപ്പിക്കാമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.