
കൊച്ചി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ വർഷത്തെ കൊച്ചിൻ കാർണിവൽ പരിപാടികൾ റദ്ദാക്കി. ഫോർട്ട്‌കൊച്ചി സബ് കളക്ടർ ചെയർമാനായ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടികളാണ് റദ്ദാക്കിയത്. 31ന് ഫോർട്ട്‌കൊച്ചി പരേഡ് മൈതാനത്ത് നടക്കേണ്ടിയിരുന്ന പാപ്പാഞ്ഞി കത്തിക്കലും ഒന്നാം തീയതിയിലെ കാർണിവൽ റാലിയും വേണ്ടെന്നു വച്ചു.
ഇന്നലെ വൈകിട്ട് 4 വരെ കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ, ബൈക്ക് റേസ്, മെഹന്തിയിടൽ മത്സരങ്ങൾക്ക് ശേഷമാണ് ആഘോഷം റദ്ദാക്കിയതായുള്ള അറിയിപ്പ് വന്നത്. ഇന്നലെ വൈകിട്ട് 6ന് ഫോർട്ട്‌കൊച്ചി വാസ്‌ക്കോഡ ഗാമ സ്‌ക്വയറിൽ നടക്കേണ്ടിയിരുന്ന തേർഡ് ഐ മെഗാ ഷോയും അവസാനനിമിഷം റദ്ദാക്കി.
അതേസമയം, ഹൈക്കോടതി അനുമതിയുടെ പശ്ചാത്തലത്തിൽ ഫോർട്ട്‌കൊച്ചി വെളി മൈതാനിയിൽ 31ന് രാത്രി പ്രാദേശിക സംഘാടക സമിതി പാപ്പാഞ്ഞിയെ കത്തിക്കും.