മൂവാറ്റുപുഴ: നിയമം ലംഘിച്ച് മണ്ണുമായി ചീറിപായുന്ന ടിപ്പർ ലോറികൾ നഗരത്തെ പൊടിപടലത്തിൽ മുക്കുന്നു. വ്യാപാര കേന്ദ്രമായ കീച്ചേരിപടി മുതൽ നെഹ്റുപാർക്ക് വരെയാണ് പൊടിപടലം വ്യാപകമായിരിക്കുന്നത്. മണ്ണ് കയറ്റി വരുന്ന ടിപ്പറുകളിൽ നിന്ന് മണ്ണ് റോഡിൽ വീഴുന്നതാണ് പൊടിപടലം വ്യാപകമാകാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ നിരവധി സ്ഥലങ്ങളിലാണ് ടിപ്പറുകളിൽ നിന്ന് റോഡിൽ മണ്ണ് വീണത്. ലോഡിന് മുകളിൽ പടുത ഇട്ട് മൂടണമെന്ന നിർദേശം കാറ്റിൽ പറത്തിയാണ് മണ്ണ് ലോറികൾ ചീറിപ്പായുന്നത്. നഗരത്തിൽ പൊടിപടലം വ്യാപിക്കുന്നത് വ്യാപാര സ്ഥാപനങ്ങൾക്കും കച്ചവടക്കാർക്കും വിനയായി മാറുകയാണ്. പടുത ഇട്ട് മൂടി സുരക്ഷിതമാക്കാതെ മണ്ണു കൊണ്ടു പോകുന്ന ലോറികൾ തടയുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ മുന്നറിയിപ്പ് നൽകി.