
കൊച്ചി: 1,000 കോടിയിലേറെ രൂപ മുതൽമുടക്കിയ 2024ൽ, മലയാള സിനിമാവ്യവസായത്തിന് നഷ്‌ടം 700 കോടി. റിലീസ് ചെയ്ത 199 ചിത്രങ്ങളിൽ വിജയം നേടിയ 26 സിനിമകൾക്ക് ലഭിച്ചത് 300 കോടി രൂപ മാത്രം. ഡിജിറ്റൽ രൂപത്തിൽ നാലു പഴയ സിനിമകളും തിയേറ്ററിൽ റിലീസ് ചെയ്‌തു. സൂപ്പർ ഹിറ്റ് സിനിമകൾ കുറഞ്ഞു. ഹിറ്റ്, ആവറേജ് ഹിറ്റ് നിലകളിലാണ് കൂടുതൽ കളക്ഷൻ ലഭിച്ചത്. ഒ.ടി.ടി വിപണനസാദ്ധ്യതകൾ മങ്ങിയതും നഷ്‌ടം വർദ്ധിപ്പിച്ചു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് കണക്കുകൾ പുറത്തുവിട്ടത്.
തിയേറ്റർ ടിക്കറ്റിന് പുറമെയുള്ള വരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ നിർമ്മാണച്ചെലവ് സൂക്ഷ്‌മമായി പരിശോധിച്ച് കുറയ്‌ക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി.രാകേഷ് പറഞ്ഞു. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കി നിർമ്മാതാക്കാളോട് സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച ഉള്ളടക്കവും അവതരണവുമുള്ള സിനിമകളാണ് പ്രേക്ഷകർ സ്വീകരിക്കുന്നതെന്ന് വ്യവസായ സംഘടനാ ഭാരവാഹികൾ പറഞ്ഞു.
നേട്ടമുണ്ടാക്കിയവയിൽ ദേവദൂതനും
റിലീസ് ചെയ്ത പഴയ ചിത്രങ്ങളിൽ ദേവദൂതൻ നേട്ടമുണ്ടാക്കി. 24 വർഷം മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റിലീസ് ചെയ്തത്. അന്ന് ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.