ncc
ncc

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് 21 കേരള ബറ്റാലിയൻ എറണാകുളത്തിന്റെ ആനുവൽ ട്രെയിനിംഗ് ക്യാമ്പ് സസ്‌പെൻഡ് ചെയ്തതോടെ എൻ.സി.സി കേഡറ്റുകൾ ആശങ്കയിൽ. ക്യാമ്പ് പുനരാരംഭിക്കാത്തതിനാൽ 530ലേറെ വരുന്ന കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം അനിശ്ചിതത്വത്തിലായത്. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും കളക്ടറുടെയും ക്ലിയറൻസ് ലഭിക്കാത്തതിനാലാണ് ക്യാമ്പ് പുരനാരംഭിക്കാത്തത്.

ആനുവൽ ട്രെയിനിംഗ് ക്യാമ്പിലോ സമാനമായ മറ്റൊരു ക്യാമ്പിലോ പങ്കെടുക്കുന്നവർക്ക് മാത്രമേ എ സർട്ടിഫിക്കറ്റ് പരീക്ഷ എഴുതാനാകൂ. എ.റ്റി.സി ക്യാമ്പിന് സമാനമായ ഒരു ക്യാമ്പ് ഓണത്തിന് നടന്നിരുന്നു. ഈ ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും ലഭിച്ചു.

ഇൻസ്റ്റിറ്റ്യൂഷണൽ പരേഡിലെ 75 ശതമാനം ഹാജറിനൊപ്പം 10 ദിന ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തൃക്കാക്കര കെ.എം.എം കോളേജിലും കൊച്ചിൻ പബ്ലിക് സ്‌കൂളിലുമായിരുന്നു ക്യാമ്പ്.

വീണ്ടും ക്യാമ്പ് നടത്തുക അപ്രായോഗികം

ക്ലിയറൻ ലഭിച്ച് ക്യാമ്പ് പുനരാരംഭിക്കുകയെന്നതിന് താമസം നേരിടും. വീണ്ടും ഇതേ കേഡറ്റുകൾക്കായി മറ്റൊരു ക്യാമ്പ് നടത്തുക വെല്ലുവിളിയാണ്. ഒരു കേഡറ്റിന് 150 രൂപ നിരക്കിലുള്ള അടിസ്ഥാന സാമ്പത്തികം ഉൾപ്പെടെ വലിയ ബാദ്ധ്യത എൻ.സി.സിക്ക് ഉണ്ടാകും. ഇക്കാരണങ്ങൾ മുൻ നിറുത്തി മുടങ്ങിയ ക്യാമ്പിൽ പങ്കെടുത്ത കേഡറ്റുകൾക്ക് സർട്ടിഫിക്കറ്റ് നൽകി പ്രശ്‌ന പരിഹാരം കാണാൻ എൻ.സി.സി അധികൃതർ ഉന്നത വൃത്തങ്ങളോട് അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം. ഔദ്യോഗിക തീരുമാനം ആയിട്ടുമില്ല.