കിഴക്കമ്പലം: കെ.എസ്.ആർ.ടി.സി ബസ് ആംബുലൻസിന് സൈഡ് നൽകാൻ വൈകിയെന്നാരോപിച്ച് ഓട്ടോറിക്ഷ കുറുകെ നിറുത്തി ബസ് ജീവനക്കാരെ ആക്രമിച്ചയാളെ നാട്ടുകാർ പിടികൂടി കുന്നത്തുനാട് പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് ആറിന് പള്ളിക്കരയിലാണ് സംഭവം.
വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കിടക്കുമ്പോഴാണ് ആംബുലൻസ് എത്തിയത്. ബസ് പരമാവധി ഒതുക്കി നൽകിയെങ്കിലും കുരുക്കിൽപ്പെട്ട വാഹനങ്ങൾ കടന്നുപോകാൻ സമയമെടുത്തു. ഇതിൽ പ്രകോപിതനായി ഓട്ടോയുമായി ബസിനെ പിന്തുടർന്നെത്തിയ കുമാരപുരം പറക്കോട് മുളക്കാപ്പിള്ളി സലാം (54) ഓട്ടോ കുറുകെ നിറുത്തി ഡ്രൈവറെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതുകണ്ട് ബസിലെ യാത്രക്കാരനും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ വിപിൻ ഇടപെട്ടതോടെ സലാം ഓട്ടോയിൽ നിന്ന് വാക്കത്തിയെടുത്ത് വീശി. വിപിന്റെ കൈവിരലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലാമിനെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.