a

നാട്ടിലേക്കു മടങ്ങിയ ഗൾഫുകാരന്റെയും പെൻഷൻപറ്റിയ പട്ടാളക്കാരന്റെയും വേദനകൾ ആരും അറിയുന്നില്ല. ലോഡ് കണക്കിന് കഥകളും അനുഭവങ്ങളും മനസിലുണ്ടെങ്കിലും കേൾക്കാൻ ആളില്ലെന്നതാണ് ട്രാജഡി. എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ കൂടെയുള്ളവർ ആ ഡിസ്ട്രിക്ട് വിടുന്നു. 'ഞാൻ പണ്ട് ..." എന്നു പറഞ്ഞുതുടങ്ങുമ്പോഴേ കേൾവിക്കാരുടെ മുഖത്ത് ചില സിഗ്നലുകൾ മിന്നുകയും 'എസ്‌കേപ്പ് "എന്നുപറഞ്ഞ് ഓടിരക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥ ലോകത്ത് മറ്റാർക്കുമില്ല. അയ്യോ, അരി തിളച്ച് തൂവിക്കാണും എന്നു പറഞ്ഞ് ഭാര്യ അടുക്കളയിലേക്ക് ഓടുന്നതുകണ്ട് പൊട്ടിക്കരയാനാണ് വിധി. ചങ്ങാതിയായ ഷെയ്ഖിനൊപ്പം ഒട്ടകപ്പുറത്തിരുന്ന് ഈന്തപ്പനയിൽനിന്ന് വെണ്ണപോലുള്ള പഴങ്ങൾ പറിച്ചുതിന്നിരുന്നത് ഉൾപ്പെടെയുള്ള കഥകൾ ആരോടുപറയും!. ഉയരമുള്ള കസേരയിൽ ഇരുന്നാൽപോലും തലകറങ്ങുന്നയാൾ എങ്ങനെ ഒട്ടകപ്പുറത്ത് കയറിയെന്നു ചോദിച്ച മക്കളുമുണ്ട്. എക്‌സ് ഗൾഫൻമാർ കണ്ടുമുട്ടുമ്പോഴാണ് കഥകളുടെ കെട്ടഴിയുന്നത്. പക്ഷേ, ആ സദസിലേക്ക് മറ്റാർക്കും പ്രവേശനമില്ലതാനും. തള്ളുകാരുടെ സഭ എന്ന പേരുദോഷം ബാക്കി. ഗൾഫിൽ പാവങ്ങളുടെ സ്‌കോച്ച് എന്നറിയപ്പെടുന്ന 'ഇരുട്ടടി" സാധനങ്ങൾ നാട്ടിലെ കലക്കവെള്ളത്തേക്കാൾ എത്രയോ ഉയരത്തിലാണെന്നു തിരിച്ചറിയുമ്പോഴാണ് തള്ളുസഭക്കാർക്ക് സങ്കടം തികട്ടിവരുന്നത്. ഇതിലപ്പുറമാണ് തങ്ങളുടെ അവസ്ഥയെന്നാണ് പട്ടാളക്കാരുടെ പരാതി. പ്രതാപമുള്ള റാങ്കിലിരുന്നാലും പെൻഷനായാൽ കട്ടപ്പുകയാണത്രേ. ഷൂവില്ല, ബെൽറ്റില്ല, രാവിലത്തെ കട്ടനുമില്ല. ക്വാട്ടയായി കിട്ടുന്ന മിലിട്ടറി കട്ടനടിച്ചാണ് ദു:ഖമകറ്റുന്നത്. ഉണ്ടയില്ലാത്ത തോക്കും തൊപ്പിയില്ലാത്ത തലയും ഒരുപോലെ!. അതിർത്തിയലെ എത്രയെത്ര എ.കെ 47 കഥകളാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ ചീറ്റിപ്പോകുന്നത്!.

ഏറെക്കുറെ സമാന സാഹചര്യങ്ങളാണ് ഗൾഫുകാരനുമുള്ളത്. ഗൾഫ്പെട്ടി തുറന്നാൽ പെർഫ്യൂമിന്റെ മണമായിരുന്നെങ്കിൽ റിട്ട. ഗൾഫൻ മനസുതുറന്നാൽ 'തള്ളൽ" കഥകളാണെന്നാണ് ആരോപണം.
ബാച്ച്‌ലേഴ്‌സ് ഫ്‌ളാറ്റിൽ പാത്രം കഴുകിയും പാചകപരീക്ഷണങ്ങൾ നടത്തിയും അടുക്കളയിലെ ആശാനായി മാറുന്ന ഗൾഫുകാരൻ ചില ദുർബല മുഹൂർത്തങ്ങളിൽ ചില്ലറ പരമാർത്ഥങ്ങൾ വള്ളിപുള്ളി വിടാതെ ഭാര്യയോട് പറഞ്ഞ് കുരുക്കിലായ സംഭവങ്ങളുമുണ്ട്. അതുകൊണ്ട്, മടങ്ങിയെത്തിയിട്ടും അടുക്കളപ്പണിക്ക് കുറവില്ല. അടുക്കളയിൽ എന്ത് ഉണ്ടാക്കിയാലും, 'ഗംഭീരമായിരിക്കുന്നു ഏട്ടാ"എന്നു കേൾക്കുന്നതാണ് ഏക ആശ്വാസം.
വീഡിയോ ചാറ്റിൽ ഭാര്യയെ അടുക്കളയിലെ കലാപരിപാടികൾ കാണിച്ചുകൊടുത്തവരെല്ലാം കെണിയിലായി. വെജിലും നോൺവെജിലും ചേട്ടൻ സൂപ്പറാ എന്ന് അഭിമാനത്തോടെ പറയുമ്പോൾ, സഹതാപത്തോടെയുള്ള അയൽക്കാരികളുടെ നോട്ടം കാണുന്ന അവസ്ഥ ഹൊറിബിൾ ആണെന്ന് സകല എക്‌സ് ഗൾഫൻമാരും പരിതപിക്കുന്നു.

ഗോൾഡൻ ഡെയ്‌സ്
ഗൾഫുകാരുടെ 'പുഷ്പിത" കാലമായിരുന്ന 70-80 കളിൽ കുടവയർ അലങ്കാരമായിരുന്നു. വിവാഹ മാർക്കറ്റിൽ ഗൾഫ് കുടവയറിന് സ്വർണത്തേക്കാൾ ഗ്ലാമറായിരുന്നു. കുടവയറുണ്ടെങ്കിൽ ഓഫീസ് ജോലിയുള്ള ചെക്കനാകുമെന്ന് പെൺവീട്ടുകാർ ഉറപ്പിച്ചിരുന്നു. ബെൽബോട്ടം പാന്റ്, കുടവയർ, പഴുതാരമീശ, ചെരിച്ചുചീകിയ മുടി, കൂളിംഗ് ഗ്ലാസ് എന്നിവയായിരുന്നു കോമ്പിനേഷൻ. കാറ്റുപിടിച്ച് പട്ടംപോലെ പറക്കുന്ന 36 ഇഞ്ച് ബെൽബോട്ടത്തിൽ സ്ലോമോഷനിൽ പാറിപ്പറന്ന്, 'കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ" എന്ന പാട്ടുംപാടി അങ്ങാടി സിനിമയിലെ ജയനായി അക്കാലത്തെ ഗൾഫൻമാർ പ്രീഡിഗ്രി തോറ്റ പെൺകൊടികളുടെ മനസിലെ 70 എം.എം സ്‌ക്രീനിൽ നിറഞ്ഞുനിന്നിരുന്നു. ഗൾഫണ്ണൻ ഇടത്തോട്ടു ചാടുമ്പോൾ വലത്തോട്ടു ചാടിമറിയുന്ന കുടവയർ തറവാടിത്തത്തിന്റെ ലക്ഷണവുമായിരുന്നു. അന്നത്തെ സകല ഗൾഫൻമാരും എണ്ണക്കമ്പനിയിലെ മാനേജർമാരായിരുന്നുതാനും. അറബി കഴിഞ്ഞാൽ അടുത്തയാൾ. മുതലാളിയുടെ 'ഇടംകൈ" എന്നാണ് ബ്രോക്കർമാർ പറഞ്ഞിരുന്നത്. കുബ്ബൂസും അച്ചാറും കഴിച്ച് 55 ഡിഗ്രി ചൂടിൽ കെട്ടിടങ്ങൾക്ക് മുകളിൽ ജോലി ചെയ്തിരുന്ന ആ മാനേജർമാരുടെ അവസ്ഥ ആരും അറിയാതെ പോയി. കാലം മാറിയപ്പോൾ കാഴ്ചകൾ മാറിയെങ്കിലും ഗൾഫൻ എന്ന വിളിക്ക് പഴയ ഗുമ്മില്ല.

പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ പാന്റും കുടവയറും ശോഷിച്ചു. പിന്നീട്, പ്രവാസികളുടെ പേടിസ്വപ്നമായി മാറിയ കുടവയറിനെ പിടിച്ചുനിർത്താൻ ബെൽറ്റിനു പോലും കഴിഞ്ഞില്ല. വിമാനത്തിൽ നിന്നു വയർ ഇറങ്ങി ഒരു മിനിറ്റ് കഴിഞ്ഞിട്ടേ ഗൾഫുകാരൻ ഇറങ്ങൂ എന്നായി ആക്ഷേപം. ആക്ഷേപങ്ങൾ ഏറ്റുവാങ്ങാൻ ഗൾഫുകാരന്റെ ജീവിതംബാക്കി.

അടുക്കളയിലെ ഷെയ്ഖ്!

ഗൾഫിലെത്തുന്ന ആരും ഏതാനും മാസങ്ങൾക്കകം പാചകത്തിന്റെ ഉസ്താദ് ആകുന്നതാണ് ആ നാടിന്റെയും വീട്ടുകാരുടെയും പുണ്യം. മിടുക്കന്മാരാണെങ്കിൽ ചുരുങ്ങിയകാലംകൊണ്ട് അടുക്കളയിലെ അമരക്കാരനാകാമെന്നു തെളിയിച്ചവരേറെയാണ്. പാത്രംകഴുകി തുടങ്ങി മോരുകറിയിൽ കൈവയ്ക്കുന്നു. തിളച്ചാൽ സംഗതി പിരിഞ്ഞുപോകുമെന്ന ആദ്യപാഠം നിസ്സാരമല്ല. സാമ്പാർ, രസം, മീൻകറി എന്നിങ്ങനെ ഓരോന്നായി പെട്ടെന്നു പഠിച്ചെടുക്കാം. പഠിച്ചേ പറ്റൂ. പഠിച്ചതൊക്കെ വീഡിയോയിൽ വീട്ടുകാരെ തത്സമയം കാണിച്ച് കൈയടി വാങ്ങുന്ന ശുദ്ധഹൃദയന്മാരുടെ ഭാവികാലം 'ഭൂത"കാലമാകുമെന്നാണ് റിപ്പോർട്ടുകൾ. ഗൾഫിലെ അടുക്കള വിരുതുകളുമായി നാട്ടിൽ ശിഷ്ടകാലം കഴിച്ചുകൂട്ടാം.

മൂന്നു മുറികളുള്ള ഫ്ലാറ്റിൽ ചുരുങ്ങിയത് 30 പേർക്ക് സുഖമായി ഉറങ്ങാമെന്നും വൈകാതെ പഠിക്കാം. ബങ്കർ ബെഡ് എന്ന ബഹുനില കട്ടിൽ ഉള്ളപ്പോൾ സ്ഥലമൊരു തടസമല്ല. മൂന്നു മുറികളിലെ താമസക്കാർക്കായി മൂന്നു ഫ്രിഡ്ജും മൂന്നു സ്റ്റൗവും സ്വാഭാവികം. ശൗചാലയം ഒന്ന്. ജീവിതത്തിൽ സംയമനം ശീലമാക്കാൻ നവരസങ്ങൾ മിന്നിമറയുന്ന മുഖവുമായി രാവിലെയുള്ള കാത്തുനിൽപ്പിൽ പഠിക്കാം. മുംബയിലാണെങ്കിൽ സാധാരണക്കാരുടെ ഗലിയിൽ സമയം അനന്തമായി നീളും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സമാന്തര കാത്തുനിൽപ്പ് നിരയിലാണ് പല പ്രേമങ്ങളും നാമ്പിടുക. സപ്നോം കി റാണിമാർ ചോരുന്ന ബക്കറ്റുമായി ക്യൂവിൽ നിൽക്കുന്നത് കണ്ട് വിങ്ങിപ്പൊട്ടിയ എത്രയെത്ര കാമുക ഹൃദയങ്ങൾ!

ഗൾഫിൽ ഇതിനു യോഗമില്ല. മുംബയിൽ ജീവിച്ചവന് ലോകത്തെവിടെയും പിഴച്ചുപോകാമത്രേ.

സർവീസിൽ എത്രവലിയ കമാൻഡർ ആയാലും പെൻഷനായാൽ പട്ടാളക്കാരനും രക്ഷയില്ല. അതുകൊണ്ടുതന്നെ എക്സ് ഗൾഫുകാരും പെൻഷനായ പട്ടാളക്കാരും തമ്മിലൊരു ആത്മബന്ധമുണ്ട്. പട്ടാളക്കാർ എന്തുപറഞ്ഞാലും ഗൾഫുകാർക്ക് ആസ്വദിക്കാൻ കഴിയുന്നു. നേരെ തിരിച്ചും. തള്ളുകളുടെ ഈ പോരാട്ടവേദി ഭയാനകമാണെന്നാണ് ആരോപണങ്ങളെങ്കിലും സത്യങ്ങളുടെയും സങ്കടങ്ങളുടെയും കോക്ടൈൽ അരങ്ങാണിത്.