
കൊച്ചി: വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്ന മഹാരാജാസ് കോളേജ് മൈതാനത്ത് പുത്തൻ ഹോക്കി ടർഫിന്റെ നിർമ്മാണത്തിന് തുടക്കമായി. കൊച്ചിൻ സ്മാർട്ട്സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) ഫണ്ടിൽ നിന്ന് 9.51 കോടി രൂപയാണ് ചെലവഴിച്ചാണ് ഹൈദരാബാദിലെ ഗ്രേറ്റ് സ്പോർട്സ് ലിമിറ്രഡ് ഹോക്കി ടർഫ് നിർമ്മിക്കുന്നത്. ചെളി നിറഞ്ഞ ഗ്രൗണ്ടിൽ ഹോക്കി പരിശീലിച്ചിരുന്ന താരങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കുന്നത്. മഴയത്ത് ചെളിവെള്ളം കെട്ടിക്കിടന്ന് ഹോക്കി കളിക്കാൻ സാദ്ധ്യമല്ലാതിരുന്ന മൈതാനം നിരപ്പാക്കി ഉയർന്ന പ്രതലത്തിൽ കളിക്കളമുണ്ടാക്കാനുള്ള പ്രവർത്തികളാണ് നടക്കുന്നത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിലവിലുള്ള ഫുട്ബാൾ മൈതാനത്തിന് ചുറ്രുമുള്ള സിന്തറ്രിക്ക് ട്രാക്കിന്റെയും ലോംഗ് ജംപ് ട്രാക്കിന്റെയും അവശേഷിക്കുന്ന നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
മുമ്പ് സ്പോർട്സ് കൗൺസിൽ പദ്ധതിക്കായി 6.71 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. ഹോക്കി ടർഫ് സ്പോർട്സ് കൗൺസിലിന് കീഴിൽ വരണമെന്ന ആവശ്യം നടപ്പാകാതിരുന്നതാണ് കാരണം. പൊതുജനങ്ങൾക്ക് ഗ്രൗണ്ട് ഉപയോഗിക്കാൻ നൽകണമെന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾക്ക് കോളേജ് അധികൃതർ തയ്യാറായില്ല. തുടർന്ന് അനുവദിച്ച തുക പിൻവലിക്കുകയായിരുന്നു.
വെള്ളക്കെട്ടിലും മത്സരം മുടങ്ങില്ല
വെള്ളക്കെട്ട് ഉണ്ടായാലും മത്സരത്തെ ബാധിക്കാത്തവിധം നിലവിലെ തറനിരപ്പിൽ നിന്ന് ഉയർത്തിയാണ് ഗ്രൗണ്ട് നിർമ്മാണം. മൈതാനം രണ്ടടിയോളം മണ്ണിട്ടുയർത്തും. മൂന്നുവശത്തും ഓവുചാലും നിർമ്മിക്കുന്നുണ്ട്. മൈതാനത്തിന് സമീപമുള്ള മരങ്ങളുടെ ചില്ലകൾ വെട്ടി സ്ഥലം തിട്ടപ്പെടുത്തിയാണ് പണികൾ നടക്കുന്നത്. ഹോക്കി ടർഫ് വരുമ്പോൾ മൈതാനത്തുള്ള മരങ്ങൾ വെട്ടി മാറ്റേണ്ടി വരുന്നത് ഒഴിവാക്കാനായി മഹാരാജാസ് മെട്രോ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പ് വടക്ക് ഭാഗത്തേക്ക് മാറ്റും. അടുത്തഘട്ടമായി ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, റോളർ സ്കേറ്രിംഗ്, ഇൻഡോർ ഗെയിംസ് അടക്കമുള്ളവയ്ക്കായി ഹോക്കി ടർഫിന് സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് മൾട്ടി സ്പോർട്സ് ഫെസിലിറ്റിയും ഒരുക്കും.
രാജ്യാന്തര നിലവാരമുള്ള ഹോക്കി മൈതാനം
സിന്തറ്റിക്ക് ടർഫ്
പാഴായ വർഷങ്ങൾ
ഹോക്കി ഗ്രൗണ്ട് കെ.എം.ആർ.എൽ ഏറ്രെടുത്തത് 2013 ലാണ്. തിരികെ കൈമാറുമ്പോൾ മികച്ച ഗ്രൗണ്ടാക്കി നൽകാമെന്ന വാഗ്ദാനം പാലിച്ചില്ല. മെട്രോ സ്റ്രേഷൻ നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ ചെളിയും മറ്രും നിക്ഷേപിച്ചത് ഗ്രൗണ്ടിന്റെ ഘടന മാറ്രി. ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ ഹോക്കി താരങ്ങൾ കുറഞ്ഞു.
നഗരത്തിലെ ഹോക്കി പ്രേമികളുടെ ഏറെ നാളത്തെ ആവശ്യമാണ് രാജ്യാന്തര നിലവാരത്തിലുള്ള ഹോക്കി ഗ്രൗണ്ട്. അടുത്തവർഷം മാർച്ച് അവസാനം നിർമ്മാണം പൂർത്തിയാകും. അടുത്തഘട്ടമായി ഇൻഡോർ ഗെയിംസ് ഉൾപ്പെടെ ഗെയിംസുകൾ മൈതാനത്ത് നടപ്പാക്കുന്നതിന് ചർച്ചകൾ നടത്തും.
ടി.ജെ. വിനോദ് എം.എൽ.എ