oda
പെരുമ്പാവൂരിലെ കാലടിക്കവലയ്ക്കു സമീപം എ.എം റോഡിന്റെ വശത്ത് മലിനജലമൊഴുകുന്ന ഓട സ്ലാബില്ലാത്ത നിലയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിലെ എ.എം. റോഡിൽ കാലടി കവല സിഗ്നലിനടുത്ത് ശങ്കരയ്യർ ടെക്സ്റ്റൈൽസിന് മുൻവശത്തായി നഗരസഭയുടെ അഴുക്കുചാൽ ഓടയ്ക്ക് മുകളിൽ സ്ലാബില്ലാതായിട്ട് മാസങ്ങളായി. രാത്രികാലങ്ങളിൽ
കാൽനട, ഇരുചക്രവാഹന യാത്രക്കാർ ഈ ഓടയിൽ വീഴുന്നത് പതിവായിരിക്കുകയാണ്. എം.സി റോഡും എ.എം റോഡും സംഗമിക്കുന്ന തിരക്കേറിയ സിഗ്നൽ ജംഗ്‌ഷനായത് കൊണ്ടും റോഡിന് വീതി തീരെ കുറവായതുകൊണ്ടും സദാസമയവും വണ്ടികൾ തിങ്ങിനിറഞ്ഞാണ് ഇതുവഴി പോകുന്നത്. ഈ സാഹചര്യത്തിൽ കാൽനടയാത്രക്കാർ പാതയോരത്തെ സ്ലാബുകൾക്ക് മുകളിലൂടെയാണ് നടക്കുന്നത്. കഴിഞ്ഞയാഴ്ച ഒരു ഡോക്ടറുടെ വാഹനം ഈ ഓടയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു. അഴുക്കുചാലിന് മൂടിയില്ലാതെ കിടക്കുന്നത് നഗരസഭാ അധികൃതരും ശുചീകരണ തൊഴിലാളികളും നിത്യവും കാണുന്നതാണ്‌.
പ്രദേശത്തെ വ്യാപാരികൾ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. വർഷക്കാലത്ത് ഓടയിൽനിന്നുള്ള മലിനജലത്തിന്റെ അതിരൂക്ഷ ദുർഗന്ധവും സഹിക്കേണ്ടിവരുന്നത് ഇവിടങ്ങളിലെ വ്യാപാരികളാണ്.

നഗരസഭാ അധികൃതർ തികച്ചും നിരുത്തരവാദപരമായാണ് പെരുമാറുന്നത്. പല തവണ ഓടയ്ക്ക് സ്ലാബില്ലാത്ത കാര്യം അറിയിച്ചിട്ടും മുഖം തിരിക്കുന്ന നടപടിയാണ് നഗരസഭ സ്വീകരിക്കുന്നത്.

ജി. ഹരികുമാർ

പൊതുപ്രവർത്തകൻ