വൈപ്പിൻ: തന്റെ മതം മാത്രം ശരിയെന്നും മറ്റ് മതങ്ങളെല്ലാം തെറ്റെന്നും ചിന്തിക്കുന്ന ഒരു ന്യൂനപക്ഷം എല്ലാ വിഭാഗങ്ങൾക്കിടയിലും ശക്തിപ്പെട്ടുവരുന്നുണ്ടെന്ന് മന്ത്രി പി. രാജീവ്. കണ്ണൂർ രൂപത സഹായമെത്രനായി അഭിഷിക്തനായ ബിഷപ്പ് ഡോ. ഡെന്നീസ് കുറുപ്പശേരിക്ക് കോട്ടപ്പുറം രൂപതയും മാതൃഇടവക പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയും ചേർന്ന് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ മതങ്ങളും വിശാലമായ മാനവികതയുടെ മനുഷ്യസ്‌നേഹത്തിന്റെ അടിത്തറയിൽ കെട്ടിപ്പെടുത്തിട്ടുള്ളതാണ്. എന്നാൽ ചിലരെല്ലാം മതത്തിന്റെ പേരിൽ സംസാരിക്കുമ്പോൾ ഇവരാണോ മതത്തിന്റെ പ്രതീകങ്ങളായി നിൽക്കുന്നതെന്ന് അത്ഭുതം തോന്നും. ഇന്നത്തെ കാലഘട്ടത്തിൽ ഒരാൾ മറ്റുള്ളവരിൽ അവനവനെതന്നെ കാണേണ്ടതുണ്ട്. അതിന് പകരം തന്നിലേക്കും തന്റെ മതങ്ങളിലേക്കും ജാതിയിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ആ ചുരുങ്ങൽ മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഗുണപ്രദമല്ല എന്ന തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ,
വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ, കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി, കോട്ടപ്പുറം രൂപതാ ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി കുരിശിങ്കൽ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ഫാ. ജോഷി കല്ലറക്കൽ, ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, ജെസി ജെയിംസ്, അലക്‌സാണ്ടർ റാൽസൻ, വി.എക്‌സ്. റോയ് വലിയവീട്ടിൽ, റൈജു രണ്ടുതൈക്കൽ, ജോസി കുറുപ്പശേരി, ഗോഡ്‌വിൻ പ്രിൻസ് എന്നിവർ പ്രസംഗിച്ചു.