കൊച്ചി: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെയും കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെൻട്രൽ സ്‌കൂൾ കായികമേള എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നാരംഭിക്കും.
1500 സ്‌കൂളുകളിലെ 2000 കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇന്നു രാവിലെ 7.30ന് മത്സരങ്ങൾ ആരംഭിക്കും.
ഉച്ചയ്‌ക്ക് മൂന്നിന് ചേരുന്ന ചടങ്ങിൽ കായികമന്ത്രി വി. അബ്‌ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിക്കും. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ആമുഖപ്രഭാഷണം നടത്തും, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷറഫലി, കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള രക്ഷാധികാരി ജി. രാജ്മോഹൻ, കേന്ദ്രീയ വിദ്യാലയ സംഘാതൻ ഡപ്യൂട്ടി കമ്മിഷണർ സന്തോഷ്‌കുമാർ, കൗൺസിൽ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് തുടങ്ങിയവർ പങ്കെടുക്കും.
നാളെ ഉച്ചയ്ക്ക് മൂന്നിന് സമാപന സമ്മേളനം കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്‌ടറും കായികമേള സംഘാടക സമിതി രക്ഷാധികാരിയുമായ എൻ.എസ്.കെ. ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എം.പി., എ.ഡി.ജി.പി പി. വിജയൻ എന്നിവർ മുഖ്യാതിഥികളാകും.