flower-show

കൊച്ചി: പുഷ്പങ്ങളുടെ വിസ്മയലോകം തീർത്ത കൊച്ചിയുടെ പുഷ്പകാലം അവസാനിക്കുന്നില്ല. അനുദിനം സന്ദർശകരുടെ തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊച്ചിൻ ഫ്ലവർ ഷോ ജനുവരി രണ്ട് വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. ജനുവരി ഒന്ന് വരെയായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. സസ്യങ്ങളെ കലാപരമായി വെട്ടിയൊരുക്കി വളർത്തുന്ന ടോപിയറിയാണ് സന്ദർശകരുടെ മനം കവരുന്നത്. രണ്ട് അടി മുതൽ 12അടി വരെ ഉയരമുള്ള 1000ത്തിലധികം ടോപിയറിയാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടു വർഷം മുതൽ 30 വർഷം വരെ സമയമെടുത്ത് ഗ്രാഫ്റ്റ് ചെയ്തെടുത്ത ചെടികൾ കാണാനാണ് കൂടുതൽ ആളുകളെത്തുന്നത്. ടോപിയറിയുടെ കേന്ദ്രമായ ചൈനയിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്തിരിക്കുന്നത്. 350രൂപ മുതൽ 50,000 രൂപ വരെ വിലമതിക്കുന്ന ടോപിയറി ഷോയിൽ ക്രമീകരിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ ആകൃതി, ബോൾ, കൂജ, വളയം തുടങ്ങിയ ആകൃതിയിൽ ഗ്രാഫ്റ്റ് ചെയ്തെടുത്താണ് ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച്ച വൻ തിരക്കാണ് ഷോയിൽ അനുഭവപ്പെട്ടത്. രാവിലെ 9 മുതൽ രാത്രി 10വരെയാണ് പ്രവേശനം.