pic

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ചലച്ചിത്രതാരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ 12500 ഓളം നർത്തകർ അണിനിരന്ന 'മൃദംഗനാദം" ഭരതനാട്യം ദൃശ്യ വിസ്മയമായി. ദൃശ്യ-ശ്രാവ്യ-കലാരംഗത്ത് പ്രവർത്തിക്കുന്ന മൃദംഗ വിഷനാണ് പരിപാടി സംഘടിപ്പിച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് അദ്ദേഹത്തിന്റെ മകൻ ദീപാങ്കുരൻ സംഗീതം നൽകി അനൂപ് ശങ്കർ ആലപിച്ച ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടനം. കല്ല്യാൺ സിൽക്‌സിന്റെ നെയ്ത്ത് ഗ്രാമങ്ങളിൽ തയ്യാറാക്കിയ നീല ആർട്ട്‌സിൽക്ക് സാരി അണിഞ്ഞാണ് നർത്തകർ അണിനിരന്നത്. കലാമണ്ഡലം, കലാക്ഷേത്ര, ആർ.എൽ.വി, ലാസ്യ എന്നിവയിൽ നിന്നുൾപ്പെടെ 50 രാജ്യങ്ങളിൽ നിന്നുള്ള നൃത്തവിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരുടെ കീഴിൽ പരിശീലനം നേടിയ 7മുതൽ 60 വയസുവരെ പ്രായമുള്ളവർ നൃത്തവേദിയിൽ അണിനിരന്നു. മെഗാ ഭരതനാട്യത്തിന് ശേഷം പരീസ് ലക്ഷ്മി, വിദ്യാഉണ്ണി, ഋതുമന്ത്ര, ഉത്തര ഉണ്ണി, ദേവി ചന്ദന എന്നിവരുടെ നൃത്തപ്രകടനങ്ങൾ നിശ്ചയിച്ചിരുന്നു. എന്നാൽ പരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്ന് ഉമ തോമസ് എം.എൽ.എ വീണ് സാരമായി പരിക്കേറ്റതിനെത്തുടർന്ന് മെഗാ ഭരതനാട്യത്തിന് ശേഷം നിശ്ചയിച്ചിരുന്ന പരിപാടികൾ എല്ലാം സംഘാടകർ റദ്ദാക്കി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 'മൃദംഗനാദം' ഉദ്ഘാടനം ചെയ്തത്.