കാലടി: സി.പി.എം ആലുവ ഏരിയാ സെക്രട്ടറിയായി എ.പി. ഉദയകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. ഏരിയ സമ്മേളന പ്രതിനിധി സമ്മേളത്തിന്റെ പൊതു ചർച്ചയിൽ 19 പേർ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും ഏരിയ സെക്രട്ടറി എ.പി . ഉദയകുമാറും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി. എം. ദിനേശ് മണി, ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അഡ്വ. പുഷ്പാദാസ്, എം.പി. പത്രോസ് എന്നിവർ സംസാരിച്ചു.
കിൻഫ്ര ജലവിതരണ പദ്ധതി പ്രാവർത്തികമാക്കി തോട്ടുമുഖം-എടയപ്പുറം-കൊച്ചിൻ ബാങ്ക്-മണലിമുക്ക് എൻ.എ.ഡി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സീപോർട്ട്-എയർപോർട്ട് റോഡ് സർക്കാർ ഫണ്ട് അനുവദിച്ച സാഹചര്യത്തിൽ ഉടൻ പൂർത്തിയാക്കണം, ആലുവ പ്രീമെട്രിക് സെന്ററിലെ പണിപൂർത്തിയായ എസ്.സി- എസ്.ടി ഹോസ്റ്റൽ എത്രയും വേഗം തുറന്നു കൊടുക്കണം, അശോക ഗ്രൗണ്ട് പൊതു സ്റ്റേഡിയമായി നിലനിർത്തണം, ആലുവ മാർക്കറ്റ് നവീകരണം ഉടൻ പൂർത്തിയാക്കണം തുടങ്ങിയവയും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
നാളെ വൈകിട്ട് 4ന് ചുവപ്പുസേനാ മാർച്ചിന്റെ അകമ്പടിയോടെ ശ്രീമൂലനഗരം ചിലമ്പിള്ളികയറ്റത്ത് നിന്ന് ബഹുജനറാലി തുടങ്ങും. എം.സി .ജോസഫൈൻ നഗറിൽ (മേത്തർ പ്ലാസ ഗ്രൗണ്ടിൽ) നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.