vinod

ഹ്രസ്വകാലയളവിൽ ജാഗ്രത പുലർത്തണമെങ്കിലും 2025ലെ ഇന്ത്യൻ ഓഹരി വിപണിയുടെ പ്രകടനത്തെക്കുറിച്ച് ശുഭ പ്രതീക്ഷയാണുള്ളത്. ലോക സമ്പദ് വ്യവസ്ഥയുടെ ശക്തി 2025ൽ മൂന്ന് ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷ. ജി 20 രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളും 2025ൽ 2.6 ശതമാനം വളർച്ച നേടിയേക്കും. 2024ലെ പോലെ മാന്ദ്യ ഭീതിയോ ഘടനാപരമായ ദൗർബല്യമോ ഉണ്ടാവില്ലെന്നാണ് കരുതുന്നത്. വിലക്കയറ്റം കുറയുന്നതാണ് അനുകൂല ഘടകം. പലിശ കുറയുന്നതും ഗുണമാകും. രണ്ട് വർഷമായിപശ്ചിമേഷ്യയിലും കിഴക്കൻ യൂറോപ്പിലും ദൃശ്യമായ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 സമാധാനപൂർണമായേക്കും. ലോഹ, ക്രൂഡോയിൽ വിലകളിലെ കുറവ് ധനകമ്മി നിയന്ത്രണവിധേയമാക്കും.

യു.എസ്, ഇന്ത്യ, തായ്‌വാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ കൂടിയ വാല്യുവേഷനും ഇന്ത്യ, ചൈന മേഖലകളിലെ സാമ്പത്തിക തളർച്ചയും ജാഗ്രത ആവശ്യപ്പെടുന്നു. താരിഫുകളുടെ കാര്യത്തിൽ ട്രംപോണമിക്‌സിന്റെ ഇടപെടൽ വികസ്വര രാജ്യങ്ങളിൽ കൂടുതൽ അസ്ഥിരത സൃഷ്ടിക്കാനിടയുണ്ടെന്ന സാദ്ധ്യതയാണ് മറ്റൊരു ആശങ്ക. ആഭ്യന്തര ഉത്പന്നങ്ങളിൽ താരിഫ് ബാധകമാവുകയില്ലെങ്കിൽ മത്സര ആനുകൂല്യം ലഭിക്കുമെന്നതിനാൽ ഇന്ത്യയ്‌ക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. എന്നാൽ ഭാവിയിൽ ഇന്ത്യയും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കും.

ട്രംപിന്റെ സാമ്പത്തിക നയങ്ങളും ഉയർന്ന വാല്യുവേഷനും ചേർന്ന് സൃഷ്ടിക്കുന്ന അനിശ്ചിതത്വം ഹ്രസ്വ കാലയളവിൽ ഓഹരികളെ ബാധിച്ചേക്കാം. വികസ്വര വിപണികളിൽ പലിശ കുറയുന്നത് വാല്യുവേഷനെ ബാധിക്കുമെങ്കിലും മാന്ദ്യ സൂചനകളില്ല.

നിക്ഷേപത്തിൽ വൈവിദ്ധ്യവൽക്കരണം വേണം

സ്വർണ്ണത്തിലും വെള്ളിയിലും കടപ്പത്രങ്ങളിലുമുള്ള നിക്ഷേപവുമായി ചേരുന്ന സന്തുലിതമായ പോർട്ട്ഫോളിയോ ആസ്തികൾക്ക് ഭദ്രത നൽകും. ഇടക്കാല, ദീർഘകാല നിക്ഷേപങ്ങൾ ശുഭപ്രതീക്ഷ നൽകുമ്പോൾ ഹ്രസ്വകാലത്തേക്ക് മാത്രമാണ് ചെറിയ ആശങ്ക നിലനിൽക്കുന്നത്. ഓഹരികളിൽ ആറുപത് ശതമാനവും കടപ്പത്രങ്ങളിൽ 25 ശതമാനവും സ്വർണത്തിൽ 10 ശതമാനവും അഞ്ച് ശതമാനം പണമായും സൂക്ഷിക്കുന്നതാകും അഭികാമ്യം.

ഓഹരികളിൽ മുൻനിര കമ്പനികൾക്ക് ഊന്നൽ നൽകണം. ഇടത്തരം ഓഹരികളുടെ വാല്യുവേഷന്‍ വൻകിട ഓഹരികളുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനം റെക്കാഡുയരത്തിലാണ്. കെമിക്കൽ, പ്രതിരോധ, പുനർ നവീകരിക്കാവുന്ന ഇന്ധനങ്ങൾ തുടങ്ങിയ മേഖലകൾ ഗുണകരമെങ്കിലും മിക്കവാറും കൂടിയ വാല്യുവേഷനിലാണ്.

വിനോദ് നായർ

(ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവിയാണ്)