
കൊച്ചി: കലൂർ ജവർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വി.ഐ.പി ഗ്യാലറിയിൽ നിന്ന് 18 അടിയോളം താഴ്ചയിലേക്ക് വീണ് തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്ക്. പാലാരിവട്ടം റിനെെ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഉമ വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ തുടരുകയാണ്. തലയിടിച്ച് വീണതിനാൽ
തലച്ചോറിൽ രക്തസ്രാവമുണ്ട്. ശ്വാസകോശത്തിൽ രക്തം കെട്ടിയ നിലയിലാണ്. നട്ടെല്ലിനും വാരിയെല്ലുകൾക്കും മുഖത്തെ അസ്ഥികൾക്കും കാലിനും പരിക്കുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ചികിത്സ നിശ്ചയിക്കുമെന്ന് റിനൈ മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത്, ന്യൂറോ സർജൻ ഡോ. മിഷേൽ ജോബി, ഓർത്തോപീഡിക് സർജൻ ഡോ. ബാബു ജോസഫ് എന്നിവർ അറിയിച്ചു.
ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,600 നർത്തകിമാർ അണിനിരക്കുന്ന ഭരതനാട്യമായിരുന്നു പരിപാടി. വയനാട്ടിലെ മൃദംഗ വിഷൻ മാഗസീനായിരുന്നു സംഘാടകർ.നൃത്തപരിപാടി തുടർന്നത് ആക്ഷേപത്തിന് ഇടയാക്കി.
വൈകിട്ട് 6.30ന് ഉദ്ഘാടന വേദിയിൽ നിന്നാണ് ഉമ വീണത്. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാന്റെയും മറ്റും കൺമുന്നിലാണ് അപകടം സംഭവിച്ചത്. രക്തത്തിൽ മുങ്ങിയ ഉമയെ സ്റ്റേഡിയത്തിലെ ആംബുലൻസിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
സുരക്ഷാ കാര്യങ്ങളിൽ സംഘാടകർക്ക് വീഴ്ചയുണ്ടെങ്കിൽ നടപടിയുണ്ടാകും
എസ്. സുദർശൻ,
ഡി.സി.പി,
കൊച്ചി സിറ്റി പൊലീസ്
മറ്റു പരിക്കുകൾ
• സുഷുമ്നാ നാഡിക്ക് ക്ഷതം
• വാരിയെല്ലുകൾക്ക് പൊട്ടൽ
• മുഖത്തെ എല്ലുകൾക്ക് പൊട്ടൽ
• നെറ്റിയിലും ചെവിയുടെ മുകൾഭാഗത്തും ആഴത്തിൽ മുറിവ്
• കാലിലും കൈകളിലും ദേഹത്തും മുറിവുകൾ
`ഉമ തോമസിന്റെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം, എറണാകുളം മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധ സംഘം വിലയിരുത്തും
- മന്ത്രി വീണാ ജോർജ്
കാർപ്പെറ്റിൽ കാൽ തട്ടി,
നാടയിൽ പിടിച്ചു താഴേക്ക്
1. സ്റ്റേഡിയത്തിന്റെ താഴത്തെ ഗ്യാലറിക്ക് മുകളിൽ കെട്ടിയ പ്രധാനവേദിയിലേക്ക് കയറവേ ഉമ തോമസ് നർത്തകിമാരെ കൈവീശി അഭിവാദ്യം ചെയ്തു.വേദിയിൽ നിരത്തിയ ഒരു വരി കസേരകൾക്ക് മുന്നിൽ കഷ്ടിച്ച് രണ്ടടി വീതിയുള്ള സ്ഥലം മാത്രം.അതിന്റെ അരികിനോട് ചേർന്ന് മുൻകരുതലായി വലിച്ചു കെട്ടിയിരുന്നത് ഒരു നാട (ക്യൂ മാനേജർ ) മാത്രം.
2. കസേരയിൽ ഇരുന്ന ഉമ എഴുന്നേറ്റ് വശത്തേക്ക് നീങ്ങുന്നതിനിടെ കാർപ്പെറ്റിൽ കാൽ തട്ടി. നാടയിൽ പിടിച്ചതോടെ നില തെറ്റി മുഖമടിച്ച് 18 അടി താഴെ കോൺക്രീറ്റ് ചെയ്ത് ഭാഗത്തേക്കു വീണു, നാടയുടെ സ്റ്റാൻഡും ദേഹത്തേക്ക് പതിച്ചു.