കൊച്ചി: ചലച്ചിത്രതാരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന മൃദംഗ വിഷൻ നൃത്തപരിപാടിയെക്കുറിച്ച് കൊച്ചിയിൽ വലിയ പ്രചാരണമാെന്നുമുണ്ടായിരുന്നില്ല. കേരളത്തിലും പുറത്തു നിന്നും 12600 നർത്തകിമാരും അവരുടെ കുടുംബങ്ങളും എത്തിയതോടെ നഗരത്തിലെ ഹോട്ടൽ മുറികളെല്ലാം നിറഞ്ഞു. ഇന്നലെ വൈകിട്ട് കേരളത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയവും പരിസരവും ജനങ്ങളാലും വാഹനങ്ങളാലും തിങ്ങിനിറഞ്ഞു. കലൂരിൽ ഗതാഗത തടസവുമുണ്ടായി. അപ്പോൾ മാത്രമാണ് നഗരവാസികൾ പരിപാടിയെക്കുറിച്ച് അറിഞ്ഞത്.

മാസങ്ങളുടെ മുന്നൊരുക്കങ്ങൾ എറണാകുളത്തെ സംഘാടകർ നടത്തിയിരുന്നു. ഗിന്നസ് റെക്കാഡിന് വേണ്ടി 12,000 നർത്തകരെയാണ് പ്രതീക്ഷിച്ചതെങ്കിലും 12600 പേർ എത്തി.

50 രാജ്യങ്ങളിൽ നിന്നുള്ള നൃത്തവിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരുടെ കീഴിൽ പരിശീലനം നേടിയ ഏഴു മുതൽ 60 വയസു വരെ പ്രായമുള്ളവർ പങ്കെടുത്തു. അപകടത്തെ തുടർന്ന് പരീസ് ലക്ഷ്മി, ദിവ്യാ ഉണ്ണി, ഋതുമന്ത്ര, ഉത്തര ഉണ്ണി, ദേവിചന്ദന എന്നിവരുടെ നൃത്തങ്ങൾ, ഗുരുക്കന്മാരെ ആദരിക്കൽ എന്നീ പരിപാടികൾ വേണ്ടെന്നുവച്ചു.