
കൊച്ചി: ശിവഗിരി തീർത്ഥാടന സ്പെഷ്യൽ മെമു സർവീസ് ഇന്നലെ ആരംഭിച്ചു. ഒന്നാം തീയതി വരെ മൂന്നുദിവസത്തേക്കാണ് പ്രത്യേക സർവീസ്. എറണാകുളം- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ മെമു 06065/06066 എന്നീ നമ്പറുകളിലാണ് സർവീസ് നടത്തുക. ഇതാദ്യമായാണ് ശിവഗിരിയിലേക്ക് മൂന്ന് ദിവസത്തെ ട്രെയിൻ സർവീസ്. കഴിഞ്ഞ വർഷം ഒരുദിവസത്തെ സ്പെഷ്യൽ സർവീസും പ്രത്യേക സ്റ്രോപ്പുകളും മാത്രമാണ് നൽകിയിരുന്നത്.
ചുരുങ്ങിയ സമയത്തിൽ ലക്ഷ്യസ്ഥാനത്ത്
എറണാകുളത്ത് നിന്നും കൊച്ചുവേളിയിൽ 3 മണിക്കൂർ 35 മിനിറ്റിലും തിരികെ 3 മണിക്കൂർ 40 മിനിറ്റിലും മെമു എക്സ്പ്രസ് ലക്ഷ്യസ്ഥാനത്തെത്തും. 12 ജനറൽ കോച്ചുകളുള്ള മെമു ഉച്ചയ്ക്ക് 12.11നാണ് വർക്കല ശിവഗിരിയിൽ എത്തുക. അവിടെനിന്നും 12.45ന് കൊച്ചുവേളിയിൽ എത്തി 12.55ന് എറണാകുളത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് 1.26നാണ് വർക്കല ശിവഗിരിയിൽ എത്തുക. വൈകിട്ട് 4.35ന് എറണാകുളം സൗത്തിൽ എത്തിച്ചേരും.
രാവിലെ 9.10ന് എറണാകുളം സൗത്തിൽ നിന്ന് സർവീസ് ആരംഭിക്കും. കോട്ടയം-കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോർത്ത് (കൊച്ചു വേളി) സ്റ്റേഷനിൽ എത്തുന്നു.
മടക്കയാത്രയിൽ ഉച്ചയ്ക്ക് 12.55ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം-കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം സൗത്തിൽ എത്തിച്ചേരുന്നു.
ശിവഗിരി പ്രത്യേക ട്രെയിനിന് സ്വീകരണം
കൊച്ചി: ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം സുഗമമാക്കുന്നതിനായി കേന്ദ്ര സർക്കാർ അനുവദിച്ച എറണാകുളം-ശിവഗിരി പ്രത്യേക ട്രെയിനിന് എറണാകുളം ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എൻ.ഡി.എ. പ്രവർത്തകർ സ്വീകരണം നൽകി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത്. ബി.ജെ.പി ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, മണ്ഡലം കൺവീനർ ശശികുമാര മേനോൻ, സജീവ് നായർ, രാജേഷ് കമ്മത്ത്. അർജുൻ എന്നിവർ പങ്കെടുത്തു.
സ്റ്റോപ്പുകൾ
വൈക്കം
കോട്ടയം
തിരുവല്ല,
ചെങ്ങന്നൂർ
മാവേലിക്കര
കായംകുളം
ഓച്ചിറ
കരുനാഗപ്പള്ളി
ശാസ്താംകോട്ട
കൊല്ലം
പറവൂർ
വർക്കല