
കൊച്ചി: 2024 ജില്ലയ്ക്ക് വലിയ സംഭാവനകൾ നൽകിയ വർഷമായിരുന്നു. അതിന്റെ പിൻതുടർച്ച 2025ലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ഭരണകൂടവും. 2024ൽ ആണ് മെട്രോ ഒന്നാംഘട്ടം പൂർത്തിയായതും വാട്ടർ മെട്രോ ആരംഭിച്ചതും. വിമാനത്താവള ക്യാമ്പസിൽ ഒരുക്കിയ 'താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ, എറണാകുളം മാർക്കറ്റ്, കൊച്ചി നഗരത്തിലെ വിവിധ ഓപ്പൺ സ്പേസുകൾ തുടങ്ങിയവയെല്ലാം നഗരത്തിന് ഉണ്ടായ മുന്നേറ്റങ്ങളാണ്. ഇതേ പ്രതീക്ഷകളോടെയാണ് 2025നെ വരവേൽക്കാൻ ജില്ല ഒരുങ്ങുന്നതും.
മെട്രോ ഭൂഗർഭപ്പാത മുതൽ ആകാശപ്പാത വരെ
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ കാക്കാനാട് റീച്ചിന്റെ നിർമ്മാണ ജോലികൾ അതിവേഗമാണ് പുരോഗമിക്കുന്നത്.
456 തൂണുകൾക്കായുള്ള ജോലികളാണ് ആദ്യ ഘട്ടത്തിൽ. അഞ്ചു സ്റ്റേഷനുകളുടേതായി 40 ലേറെ പൈലിംഗ് ജോലികളും ട്രാക്കിന്റെ 20ലേറെ പൈലിംഗ് ജോലികളും ഇതിനോടകം പൂർത്തിയായി. പ്രധാന പാതയിലെ റോഡ് വീതികൂട്ടൽ നടപടികൾ അന്തിമ ഘട്ടത്തിലുമാണ്. ഇതിനോടൊപ്പം മെട്രോയുടെ മൂന്നാംഘട്ടവും പുതുവർഷത്തിൽ ആരംഭിച്ചേക്കും. 2025ലെ ജില്ലയുടെ വലിയ പ്രതീക്ഷകളിവയാണ്.
1. മെട്രോ മൂന്നാംഘട്ടം
ആലുവ മുതൽ അങ്കമാലി വരെയുള്ള മൂന്നാം ഘട്ടത്തിൽ ഭൂഗർഭ പാതയും സ്റ്റേഷനും പരിഗണനയിലുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) എത്തുന്ന പാതയും ഒടുവിലത്തെ സ്റ്റേഷനും ഭൂമിക്കടിയിലൂടെ നിർമ്മിക്കാനാണ് കെ.എം.ആർ.എൽ ആലോചന.
2. വാട്ടർമെട്രോ
കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. വരാപ്പുഴ അടക്കമുള്ള സ്ഥലങ്ങളിലേക്ക് വാട്ടർമെട്രോ നിർമ്മാണം ഉണ്ടാകും.
3. അങ്കമാലി- കുണ്ടന്നൂർ ഗ്രീൻഫീൽഡ്
അങ്കമാലിയിൽ ആരംഭിച്ച് കാലടി, പുത്തൻകുരിശ് വഴി കുണ്ടന്നൂരിൽ എത്തുന്ന ഗ്രീൻഫീൽഡ് എൻ.എച്ച് ബൈപാസ് ജില്ലയുടെ കിഴക്കൻ മേഖലയിലൂടെ കടന്നുപോകും. ദീർഘദൂര യാത്രക്കാർക്ക് നഗരത്തിൽ പ്രവേശിക്കാതെ കടന്നുപോകാനുള്ള സാഹചര്യം ഇതിലൂടെ ഒരുങ്ങും.
4. സീപോർട്ട് എയർപോർട്ട് റോഡ്
രണ്ടാംഘട്ടം പൂർത്തിയായേക്കും. എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് നടപടിയായി. പദ്ധതിക്കായി 569.34 കോടി രൂപയുടെ അനുമതി ലഭിച്ചു.
രണ്ടാംഘട്ടം റോഡ് നിർമ്മാണത്തിന് 102.88 കോടി രൂപയാണ് വേണ്ടത്. കൂടാതെ മഹിളാലയം പാലം മുതൽ എയർപോർട്ട് വരെ മൂന്നാംഘട്ട നിർമ്മാണത്തിന് 4.5 കിലോമീറ്റർ സ്ഥലം ഏറ്റെടുക്കുന്നതിന് 210 കോടി രൂപയും വേണം.
5. ബ്രഹ്മപുരം
ബ്രഹ്മപുരത്തെ സി.എൻ.ജി പ്ലാന്റ് 2025 ഓടെ പൂർത്തിയാക്കണമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. ഒപ്പം ഒരു ആർ.ഡി.എഫ് പ്ലാന്റും. ഇതോടെ കൃത്യമായ രീതിയിൽ നഗരത്തിലെയും സമീപ തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം കൃത്യമായി സംസ്കരിക്കാനാകും.
6. അരൂർ- തുറവൂർ ആകാശപാത
അരൂർ- തുറവൂർ ആകാശപാത 2025ഓടെ പൂർത്തിയാക്കുന്നതിനൊപ്പം ഇടപ്പള്ളിയിലേക്കും വ്യാപിപ്പിച്ചേക്കും. നഗരത്തിലെ ഗതാഗത കുരിക്ക് ഒഴിവാക്കും.
7. കോർപ്പറേഷൻ ഓഫീസ്
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന നഗരസഭ സമുച്ചയം 2025ൽ നിർമ്മാണം പൂർത്തിയാക്കി മാറും. ഇതിനായുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
8. മൂന്നാം റോറോ
വൈപ്പിൻ- ഫോർട്ട്കൊച്ചിയിലേക്കുള്ള മൂന്നാമത്തെ റോറോ 2025ൽ സർവീസ് ആരംഭിക്കും. നിലവിൽ രണ്ട് റോറോ ഉള്ളതിൽ ഒരു റോറോ എപ്പോഴും തകരാറിലാവുന്നതിനാൽ വലിയ യാത്രദുരിതമാണ് നേരിടുന്നത്.
9. ടൗൺഹാൾ
എറണാകുളം ടൗൺഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് മോടി പിടിപ്പിക്കും
10. റെയിൽവേ സ്റ്റേഷൻ
എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ 2025ൽ പൂർത്തിയാകും.
പൂർത്തിയാക്കാനുള്ള റോഡ് പണികൾ, തമ്മനം- പുല്ലേപ്പടി റോഡിന്റെ സ്ഥലമേറ്റെടുക്കൽ, കാരണക്കോടം വാർഡിലെ ഫ്ലാറ്റ് നിർമ്മാണം, കനാൽ നവീകരണമെല്ലാം 2025ൽ നഗരത്തിന്റെ പ്രതീക്ഷകളാണ്
എം. അനിൽകുമാർ
മേയർ
കുണ്ടന്നൂർ ജംഗ്ഷൻ നവീകരണമടക്കം ചെയ്ത് തീർക്കാനുണ്ട്. എല്ലാ പദ്ധതികളും പൂർത്തിയാക്കണമെന്നാണ് ആഗ്രഹം.
കെ. ബാബു 
എം.എൽ.എ