പെരുമ്പളം: പെരുമ്പളം മാർക്കറ്റ് - പാണാവള്ളി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഐശ്വര്യം ജങ്കാർ കഴിഞ്ഞ ഒരു മാസമായി മുടങ്ങിയതോടെ റേഷൻ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും നിർമ്മാണ സാമഗ്രികളും ദ്വീപിലേക്ക് സുഗമമായി എത്തിക്കാൻ കഴിയുന്നില്ല. വാർഷിക അറ്റകുറ്റപ്പണിക്കായി ഡോക്കിൽ കയറ്റിയ ജങ്കാർ ഇതുവരെ ഗതാഗതയോഗ്യമായിട്ടില്ല. ഇതിനു പകരമായി പഞ്ചായത്ത് അധികൃതർ ഏർപ്പാടാക്കിയ ജങ്കാറിന്റെ റാമ്പ് മാർക്കറ്റ്, പാണാവള്ളി എന്നീ ജെട്ടികളിൽ അടുക്കാത്തതിനാൽ വാത്തികാട് - പൂത്തോട്ട റൂട്ടിൽ നിലവിൽ സർവീസ് നടത്തി വരികയാണ്.
പാണാവള്ളിയിൽനിന്നുള്ള ജങ്കാർ സർവീസ് പുനരാരംഭിക്കാത്തതിനാൽ ചേർത്തല സപ്ലൈകോ ഡിപ്പോയിൽനിന്നുകൊണ്ടുവരുന്ന ലോറികൾ 50 കിലോമീറ്ററോളം അധികദൂരം സഞ്ചരിച്ച് പൂത്തോട്ട ജങ്കാർജെട്ടി വഴി ദ്വീപിലെത്തേണ്ടി വരുന്നു. ഇത് ധന, സമയനഷ്ടത്തിന് ഇടയാക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച പൂത്തോട്ട റൂട്ടിലെ ജങ്കാർ കേടായതോടെ സപ്ലൈകോയിൽനിന്നുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ദ്വീപിലെത്താനാവാതെ തിരികെപ്പോരേണ്ടിവന്നു. ദ്വീപിലെത്തിയ വാഹനങ്ങളും യാത്രക്കാരും അക്ഷരാർത്ഥത്തിൽ മറുകരകടക്കാനാകാതെ പെട്ടുപോയി.
ഡിസംബർ, ജനുവരി മാസങ്ങളിൽ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട റോഡ്, തോട്, കലുങ്ക്, കെട്ടിടനിർമ്മാണം എന്നിവയ്ക്കുള്ള കമ്പി, സിമന്റ്, മെറ്റൽ എന്നിവ കൂടുതലായി എത്തിക്കേണ്ടതിനാൽ പൂത്തോട്ട ജെട്ടിയിൽ ടിപ്പർ ലോറികളുടെ തിരക്കാണ്. ഇതുമൂലം ജങ്കാറിന് സമയക്രമം പാലിക്കാൻ കഴിയുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
റേഷൻകടകളിൽ അരി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ സ്റ്റോക്ക് തീരാറായി. പെരുമ്പളത്തെ മിക്ക കടകളിലും അവശ്യസാധനങ്ങൾ കിട്ടാത്ത അവസ്ഥയാണ്. ജങ്കാർ മുടങ്ങിയതോടെ പലചരക്ക് കച്ചവടക്കാർ വലിയ വള്ളങ്ങളിൽ സാധനങ്ങൾ എത്തിക്കുന്നുണ്ട്. എന്നാൽ കായലിലെ വെള്ളക്കുറവും തിരമാലകളും ചരക്കുനീക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കച്ചവടക്കാർ പറയുന്നു. പെരുമ്പളത്തേക്കുള്ള യാത്രാക്ളേശത്തിന് അറുതിവരുത്തേണ്ട പാലംപണി പൂർിത്തിയാക്കി തുറന്നുകൊടുത്താലേ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകൂ.
ദുരിതപരമ്പര
1 നിലവിൽ പൂത്തോട്ടയിൽ നിന്നുമാത്രമാണ് പെരുമ്പളത്തേക്ക് ജങ്കാർ സർവീസ്
2 ഇത് കഴിഞ്ഞ ശനിയാഴ്ച യന്ത്രത്തകരാർ മൂലം നിറയെ വാഹനങ്ങളുമായി കായലിൽ മണിക്കൂറുകൾ നിലച്ചത് പരിഭ്രാന്തിപരത്തി
3 പാണാവള്ളിയിൽ നിന്നുള്ള ജങ്കാറിലായിരുന്നു വ്യാപാരികളും മറ്റു ദ്വീപിൽ പലചരക്ക്, പച്ചക്കറി സാധനങ്ങൾ എത്തിച്ചിരുന്നത്. സർവീസ് മുടങ്ങിയതോടെ വ്യാപാരികൾ ദുരിതത്തിലാണ്. അവശ്യസാധനങ്ങൾ വാങ്ങാനാകാതെ ദ്വീപ് നിവാസികൾ നെട്ടോട്ടത്തിലാണ്
4 പെരുമ്പളത്തേക്കുള്ള പാലം നിർമ്മാണത്തിന് വേഗത കുറഞ്ഞതായി പരാതി ഉയർന്നിട്ടുണ്ട്. എന്ന് ഉദ്ഘാടനം നടത്താനാകുമെന്ന് കണ്ടറിയണം
ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കും
ഐശ്വര്യം ജങ്കാറിന്റെ 2 റഡറുകളും തകരാറായതിനെ തുടർന്നാണ് ഡോക്ക് ചെയ്തത്. പരിശോധയിൽ കൂടുതൽ തകരാറുകൾ കണ്ടതോടെ പോർട്ടിന്റെ അനുമതിയോടെ പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലി നടക്കുകയാണ്. ഒരാഴ്ചയ്ക്കു ശേഷം ഐശ്വര്യം നീറ്റിലിറക്കാമെന്നാണ് പ്രതീക്ഷ.
അഡ്വ. വി.വി. ആശ, പഞ്ചായത്ത് പ്രസിഡന്റ്