1
ചിത്രം

തോപ്പുംപടി: പുതുവർഷത്തെ വരവേൽക്കാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കേ വഴിയോരങ്ങളിലെ ജംഗ്ഷനുകളിലും പോസ്റ്റുകളിലും പപ്പാഞ്ഞിരൂപങ്ങൾ ഇടംപിടിച്ചുതുടങ്ങി. കുട്ടികൾ മുതൽ മുതിർന്നവർവരെ പപ്പാഞ്ഞിവേഷം കെട്ടി താളമേളങ്ങളോടെ വീടുകളിലും വീഥികളിലും ആഘോഷത്തിമിർപ്പിലാണ്.

ഫോർട്ടുകൊച്ചി വെളിയിലും പള്ളുരുത്തി കോർപ്പറേഷൻ മൈതാനം ഇ.കെ. സ്ക്വയർ, അർജുനൻ മാസ്റ്റർ മൈതാനം, കളത്തറ കായൽ തുടങ്ങിയ സ്ഥലങ്ങളിലും വിപുലമായ പുതുവത്സരാഘോഷം ഒരുക്കിയിട്ടുണ്ട്. പശ്ചിമകൊച്ചിയിലേക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് തുടങ്ങി. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലം, ഹാർബർ പാലം, ബി.ഒ.ടി പാലം തുടങ്ങി സ്ഥലങ്ങളിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കി.

31ന് ഫോർട്ടുകൊച്ചി വെളി മൈതാനിയിലാണ് പുതുവർഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ തിക്കുംതിരക്കും ഒഴിവാക്കാൻ മട്ടാഞ്ചേരി എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം രംഗത്തുണ്ടാകും. ടൂ വീലർ , ഫോർ വീൽ എന്നിവ പാർക്ക് ചെയ്യാൻ പ്രത്യേക മൈതാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പരേഡ് മൈതാനിയിലെ പപ്പാഞ്ഞിയെ പ്രതീകാത്മകമായി നിലനിറുത്തും. കാർണിവൽ റാലി രണ്ടാംതീയതിയിലേക്ക് മാറ്റി. 1 വരെ നടത്താനിരുന്ന എല്ലാ പരിപാടികളും 2 മുതൽ നടത്തുമെന്ന് കാർണിവൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.