
കൊച്ചി: ഒരു മന്ത്രിയും എം.എൽ.എയുമടക്കം വി.ഐ.പികളും 15000ലേറെ പേർ പങ്കെടുക്കുകയും ചെയ്ത മെഗാ നൃത്തസന്ധ്യ കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത് പല അനുമതികളുമില്ലാതെ.
ഇരുനൂറിലേറെപ്പേർ പങ്കെടുക്കുന്ന പൊതുപരിപാടിക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ അടക്കം സമ്മതപത്രം വേണമെന്നിരിക്കെയാണിത്.
സ്‌റ്റേജ് നിർമ്മിച്ചത് മുതൽ പരിപാടിയുടെ പൂർണചിത്രം പോലും സംഘാടകർ മറച്ചുവച്ചു. പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകിയെങ്കിലും സംഘാടകർ താത്കാലിക നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ടോ ഇതിനെല്ലാം ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ സ്റ്റേഡിയത്തിന്റെ ചുമതലക്കാരായ ജി.സി.ഡി.എ പരിശോധിച്ചില്ല. സ്റ്റേഡിയത്തിൽ താത്കാലിക സ്റ്റേജ് നിർമ്മിക്കാൻ അനുമതി നൽകിയിരുന്നില്ല. എല്ലാ സുരക്ഷാകാര്യങ്ങളും ചെയ്യണമെന്ന് കരാറിൽ ഉണ്ടായിരുന്നെങ്കിലും പലതും ലംഘിക്കപ്പെട്ടു.
പൊലീസ്
ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് മെഗാ നൃത്തസന്ധ്യ സംഘടിപ്പിക്കുന്നുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും സംഘാടകർ പാലാരിവട്ടം പൊലീസിൽ അപേക്ഷ നൽകിയിരുന്നു. പരിപാടിക്ക് പൊലീസുകാരെ നിയോഗിച്ചെങ്കിലും മറ്റു ചില വകുപ്പുകളുടെ അനുമതി ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞത് അപകടശേഷം.
ഫയർഫോഴ്‌സ്
പതിനായിരത്തിലധികം പേർ പങ്കെടുക്കുമെന്നത് മറച്ചുവച്ചാണ് സംഘാടകർ അനുമതി തേടിയത്. അതിനാൽ വിട്ടുനൽകിയത് ഒരു യൂണിറ്റിനെ മാത്രം. ഇക്കാര്യം റിപ്പോർട്ടായി പൊലീസിന് കൈമാറും.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
പരിപാടിക്ക് ഉപയോഗിച്ച ജനറേറ്ററിനും ഇലക്ട്രിക്കൽ സർക്യൂട്ടിനും അനുമതി നൽകിയിരുന്നു.
"സ്റ്റേജ് നിർമ്മാണത്തിലെ വീഴ്ചയാണ് അപകടത്തിനിടയാക്കിയത്. സ്റ്റേജിന്റെ നിർമ്മാണം അറിയിച്ചിരുന്നില്ല. സംഘാടകർക്കാണ് സുരക്ഷയുടെ ഉത്തരവാദിത്വം. കരാർ ലംഘിച്ചാൽ നടപടി എടുക്കും. സുരക്ഷാ മാനദണ്ഡം പുതുക്കും
-കെ.ചന്ദ്രൻപിള്ള,
ചെയർമാൻ,
ജി.സി.ഡി.എ
"നഗരസഭയോട് പരിപാടിയുമായി ബന്ധപ്പെട്ട് യാതൊരു അനുമതിയും തേടിയിരുന്നില്ല
-എം.അനിൽകുമാർ,
കൊച്ചി മേയർ