vadakkekara-station-one-
വടക്കേക്കര പൊലീസ് സ്റ്റേഷൻ

പറവൂർ: വടക്കേക്കര സ്റ്റേഷനിലെ പൊലീസുകാരും ഇവിടെ എത്തുന്നവരും മുകളിൽ നിന്ന് കോൺക്രിറ്റ് അടർന്നുവീണ് പരുക്കേൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കേണ്ടിവരും. കാരണം നാൽപത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലാണ്. സ്റ്റേഷന് വേണ്ടി നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷമായിട്ടും ഉദ്ഘാടനം നീണ്ടുപോകുകയാണ്. എല്ലാ മുറികളിലും കോൺക്രീറ്റ് അടർന്നു പോയി ഇരുമ്പ് കമ്പികൾ കാണാനാവും. പലപ്പോഴും ചെറിയ കോൺക്രിറ്റ് കട്ടകൾ വീഴാറുണ്ട്. ഭാഗ്യത്തിൽ ഇതുവരെ ആർക്കും കാര്യമായ പരുക്കേറ്റിട്ടില്ല. ഭിത്തികൾ പൊട്ടിപൊളിഞ്ഞിട്ടുണ്ട്. മഴക്കാലത്ത് കോൺക്രീറ്റിന് ചോർച്ചയുണ്ടായതോടെ മുകളിൽ ഷീറ്റുകൊണ്ടുള്ള മേൽകൂര നിർമ്മിച്ചു. സ്റ്റേഷന്റെ ശോചനീയാവസ്ഥ പാർക്കിംഗ് ഏരിയയിൽ വച്ചുതന്നെ തിരിച്ചറിയാനാവും.
നിലവിലെ സ്റ്റേഷനിൽ നാല് മുറികളും ഒരു ഇടനാഴിയും ഒരു ലോക്കപ്പുമാണുള്ളത്. ഈ കെട്ടിടം കാലപ്പഴക്കത്താൽ പൊട്ടിപ്പൊളിയുകയും സൗകര്യക്കുറവും ഉണ്ടായതോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.

പുതിയ കെട്ടിടത്തിന് രണ്ട് നിലകളിലായി നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണമുണ്ട്. സ്റ്രേഷൻ ഹൗസ് ഓഫീസർക്കടക്കം പ്രത്യേക മുറികളുണ്ട്. മുകളിലെ നിലയിൽ ഹാളും മുറികളുമാണുള്ളത്.

വടക്കേക്കര പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത് 1970ൽ

തുടക്കം പൊലീസ് ഔട്ട്പോസ്റ്റായി കുടികിടപ്പ് സമരത്തെ തുടർന്ന് ഈ പ്രദേശത്തെ ഭൂമുടകളുടെ വീടുകൾക്ക് നേരെ അക്രമണം നടന്നു ഇതുതടയാനായിരുന്നു ഔട്ട്പോസ്റ്റ് തുടങ്ങിയത് പറവൂരിനോട് ചേർന്ന പ്രദേശമാണെങ്കിലും മുനമ്പം സ്റ്റേഷന്റെ പരിധിയിലായിരുന്നു പ്രവർത്തനം വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം പിന്നീട് ഒരേക്കറിലധികം സ്ഥലം സർക്കാർ അക്വയർ ചെയ്ത് സ്റ്റേഷനും കോർട്ടേഴ്സും നിർമ്മിച്ചു ഇരുപതോളം ക്വാർട്ടേഴ്സുകൾ നിലവിലുണ്ട് സ്റ്റേഷനിലേക്കുള്ള വഴിയുടെ വീതി കുറവായതിനാൽ അരിയിക്കൽ ഫ്രെഡി ഫിലിപ്പും ഫിലിപ്പ് ഫിലിപ്പും മുപ്പത്തിയഞ്ച് സെന്റ് ഭൂമി സൗജന്യമായി നൽകി

വടക്കേക്കര പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളെ സ്റ്റേഷനിൽ കൊണ്ടുവന്ന് പരിശീലനം നൽകാൻ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം അധികൃതർ ഭയപ്പെടുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് സ്റ്റേഷൻ മാറ്റം നീണ്ടുപോകുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

അമ്പാടി ഗോപാലകൃഷ്ണൻ

പഴമ്പിള്ളിശേരിൽ

വിവരാവകാശ പ്രവർത്തകൻ