വൈപ്പിൻ: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ചെറായി, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിലെ തിരക്ക് പരിഗണിച്ച് മുനമ്പം പൊലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 31 ന് ഉച്ചക്ക് 2 മണിക്ക് ശേഷം വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ നിന്ന് ബീച്ച് റോഡുകൾ വഴി ബസ്, ട്രാവലർ മുതലായവയ്ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
ചെറായി ബീച്ചിലെത്തി ഇടതുഭാഗത്തേക്ക് തിരിയുന്ന കാർ മുതലുള്ള വാഹനങ്ങൾ റോഡിന്റെ ഇടതുഭാഗത്ത് മാത്രം, സൗകര്യമുള്ള ഇടങ്ങളിൽ പാർക്ക് ചെയ്യേണ്ടതും മടങ്ങിപ്പോകുന്ന സമയം മുന്നോട്ടു മാത്രം സഞ്ചരിച്ച് രക്‌തേശ്വരി ബീച്ച് റോഡ്, കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡ് എന്നിവവഴി സംസ്ഥാനപാതയിൽ എത്തി മടങ്ങി പോകേണ്ടതാണ്.
പ്രധാന റോഡിൽ നിന്ന് ബീച്ച് ജംഗ്ഷനിൽ എത്തി വടക്ക് ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങൾ റോഡിന്റെ ഇടതുഭാഗത്ത് മാത്രം പാർക്ക് ചെയ്യേണ്ടതും മുന്നോട്ടു മാത്രം സഞ്ചരിച്ച് മുനമ്പം ബീച്ച് റോഡ് ഐ.ആർ വളവ് വഴി സംസ്ഥാനപാതയിൽ പ്രവേശിക്കുകയും വേണം. കരുത്തലയിൽ നിന്ന് പടിഞ്ഞാറോട്ടുള്ള ബീച്ച് റോഡിലൂടെ നിയന്ത്രിതമായി വൺവേ ഗതാഗതം ആയിരിക്കും. ഈ വഴിയിലൂടെ പുറത്തേക്കുള്ള കാറുകൾ മുതലായ വാഹനങ്ങളുടെ ഗതാഗതം അനുവദിക്കുന്നതല്ല.
ചെറായി ബീച്ചിലെ ഹോംസ്റ്റേകൾ റിസോർട്ടുകൾ എന്നിവിടങ്ങളിൽ മുറികൾ ബുക്ക് ചെയ്തിട്ടുള്ളവർ മൂന്നുമണിക്ക് മുമ്പ് ചെക്ക് ഇൻ ചെയ്യണം. ബീച്ചിൽ മദ്യപാനം, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ കണ്ടെത്തുന്നതിന് ഷാഡോ പൊലീസിനെ നിയോഗിക്കും. കൂടാതെ വാഹനങ്ങളിലും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതും കടത്തുന്നതും കണ്ടെത്തുന്നതിനുള്ള കർശന പരിശോധന ഉണ്ടായിരിക്കും.
അനധികൃതമായി പാർക്ക് ചെയ്ത് ഗതാഗത തടസം ഉണ്ടാക്കുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും ആയതിന്റെ ചിലവ് വാഹന ഉടമകളിൽ നിന്ന് ഈടാക്കുന്നതുമാണ്.