njh

കൊച്ചി: ഉമ തോമസിന്റെ പേഴ്‌സൽ സ്റ്റാഫ് നൽകിയ പരാതിയിലാണ് കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജർ കൃഷ്ണകുമാറി​നെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഡിയത്തിൽ എത്തിച്ച് തെളിവെടുത്തു. മനുഷ്യജീവൻ അപായപ്പെടുത്തുംവിധം പരിപാടി സംഘടിപ്പിക്കൽ, ഇതിനായി മറ്റുള്ളവരുമായി സംഘംചേരൽ, ക്രമസമാധാന ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ.

സംഭവസ്ഥലത്ത് പി.ഡബ്ല്യു.ഡി, ജി.സി.ഡി.എ, ഫയർഫോഴ്‌സ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ നടത്തിയ പരിശോധനയുടെ റിപ്പോർട്ടുകൾ പൊലീസിന് കൈമാറും. അതേസമയം, പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.