nimishapriya

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയതോടെ കടുത്ത ആശങ്കയിൽ കുടുംബവും നാടും.

പ്രസിഡന്റിന് നൽകിയ ദയാഹർജിയാണ് തള്ളിയത്.

കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ ഉറ്റബന്ധുക്കളിൽ രണ്ടു പേർ ഇടഞ്ഞുനിൽക്കുന്നതാണ് മോചനത്തിന് തടസമായതെന്ന് നിമിഷയുടെ അഭിഭാഷകരിൽ ഒരാളായ ബാലചന്ദ്രൻ പറഞ്ഞു. മോചനത്തിനുള്ള ബ്ലഡ് മണി സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറല്ലെന്നും ശിക്ഷ നടപ്പാക്കണമെന്നും ഇവർ വാദിച്ചു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ സനായിലെ ജയിലിലാണ്.

കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും ഗോത്രതലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു. മാപ്പപേക്ഷ പ്രസിഡന്റ് തള്ളിയ വിവരം അവിടെ തങ്ങുന്ന മാതാവ് പത്മകുമാരിയെ അറിയിച്ചിരുന്നില്ല. എന്നാൽ മാദ്ധ്യമങ്ങളിൽ നിന്ന് അവർ വിവരമറിഞ്ഞു. പത്മകുമാരിയെ പ്രാർത്ഥനകൾക്കായി പള്ളിയിൽ കൊണ്ടാക്കുമെന്ന് ഇന്നലെ വൈകിട്ട് ബന്ധപ്പെട്ടപ്പോൾ യെമനിലെ സാമൂഹിക പ്രവർത്തകനായ സാമുവൽ ജെറോം പറഞ്ഞു.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ വിചാരണക്കോടതിയുടെ വിധി യെമൻ സുപ്രീം കോടതി ശരിവച്ചു. തുടർന്നാണ് ദയാഹർജി യെമൻ പ്രസിഡന്റിന് മുന്നിലെത്തിയത്. മോചനത്തിനായി ബന്ധുക്കൾക്ക് 1.5 കോടി രൂപയെങ്കിലും നൽകേണ്ടിവരുമെന്നായിരുന്നു നിഗമനം.

ചർച്ചകൾ തുടങ്ങിയ സമയത്ത് കഴിഞ്ഞ ജൂണിൽ 16.71 ലക്ഷം രൂപ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു.

പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല

# മോചനക്കാര്യത്തിൽ പ്രതീക്ഷ കൈവിടാറായിട്ടില്ലെന്ന് സന്നദ്ധപ്രവർത്തകർ പറഞ്ഞു. ഒരു മാസത്തിനകം ബന്ധുക്കളുമായി ചർച്ചനടത്തി മനംമാറ്റാൻ കഴിഞ്ഞാൽ നിമിഷ സ്വതന്ത്രയാകാനുള്ള സാദ്ധ്യതയുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പുവരെ പ്രതികൾ മോചിതരായ ചില സന്ദർഭങ്ങൾ യെമനിലുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

# ചർച്ചകൾക്കായി യെമനിലെത്തിയ മാതാവ് പത്മകുമാരി അവിടെ തുടരുകയാണ്. യെമനിലെ സാമൂഹിക പ്രവർത്തകനായ സാമുവൽ ജെറോമിന്റെ സംരക്ഷണയിലാണ് അവർ. മാപ്പപേക്ഷയ്ക്കുള്ള ചർച്ച പുനരാരംഭിക്കാനുള്ള സാദ്ധ്യത തേടുകയാണെന്ന് സാമുവൽ 'കേരളകൗമുദി'യോട് പറഞ്ഞു. ഇതിനായി യെമനിലെ എംബസി ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായും ബന്ധപ്പെടും.