
കൊച്ചി: കേന്ദ്ര സിലബസ് സ്കൂളുകളുടെ സംസ്ഥാന കായികമേളയുടെ ആദ്യദിനത്തിൽ ആതിഥേയരായ എറണാകുളം ജില്ല ബഹുദൂരം മുന്നിലെത്തി. 118 പോയിന്റ് നേടിയാണ് എറണാകുളത്തിന്റെ കുതിപ്പ്. 64 പോയിന്റുമായി കോഴിക്കോട് രണ്ടും 56 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനത്തുമെത്തി.
ഏഴു സ്വർണവും ആറു വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 16 മെഡലുകളാണ് എറണാകുളം നേടിയത്. കോഴിക്കോട് മൂന്നുവീതം സ്വർണവും വെള്ളിയും നാല് വെങ്കലവും നേടി. തൃശൂർ മൂന്നു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവും സ്വന്തമാക്കി.
കേരള സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയുമായി സഹകരിച്ചാണ് സംസ്ഥാന കായികമേള സംഘടിപ്പിക്കുന്നത്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങളിലെ ആയിരത്തോളം വിദ്യാർത്ഥികളാണ് മത്സരിക്കുന്നത്. കായികവകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ കായികമേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി. ഷറഫലി അദ്ധ്യക്ഷത വഹിച്ചു. കായികമളേ ജനറൽ കൺവീനറും നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ആമുഖപ്രഭാഷണം നടത്തി.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരം ഇന്ന് സമാപിക്കും. ഇന്ന് മൂന്നിന് നടക്കുന്ന സമാപന ചടങ്ങ് കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എം.പി., ഇന്റലിജൻസ് എ.ഡി.ജി.പി പി. വിജയൻ എന്നിവർ മുഖ്യാതിഥികളാകും. കായികമേള സംഘാടക സമിതി ജനറൽ കൺവീനർ ഡോ. ഇന്ദിര രാജൻ റിപ്പോർട്ട് അവതരിപ്പിക്കും. കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ഫാ. ജോണി കാഞ്ഞിരത്തിങ്കൽ, ഗോപാലകൃഷ്ണൻ, ഫാ. ബേബി ചാമക്കാല, ജൂബി പോൾ, പ്രതീത എന്നിവർ സംസാരിക്കും.
കേന്ദ്ര സിലബസ് വിദ്യാർത്ഥികളിൽ നിന്നും സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിക്കാൻ വഴിയൊരുക്കും. രാജ്യത്തിന് അഭിമാനിക്കാവുന്ന താരങ്ങൾ മേളയിൽ നിന്ന് ഉയർന്നുവരണമെന്നാണ് ആഗ്രഹിക്കുന്നത്.
യു. ഷറഫലി
പ്രസിഡന്റ്,
സംസ്ഥാന സ്പോർട്സ്
കൗൺസിൽ
കേന്ദ്ര സിലബസ് വിദ്യാർത്ഥികൾക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന കായികമേള സംഘടിപ്പിക്കാൻ സർക്കാരും സ്പോർട്സ് കൗൺസിലും തയ്യാറായത് ശ്ളാഘനീയമാണ്. കേന്ദ്ര സിലബസുകാർക്ക് കായികമേളകളുണ്ടെങ്കിലും സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്ന മത്സരങ്ങളുണ്ടായിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സർക്കാർ അനുകൂലനിലപാട് സ്വീകരിച്ചു.
ഡോ. ഇന്ദിര രാജൻ
കായികമേള
ജനറൽ കൺവീനർ,
സെക്രട്ടറി ജനറൽ-
നാഷണൽ കൗൺസിൽ
ഒഫ് സി.ബി.എസ്.ഇ. സ്കൂൾസ്
പോയിന്റുകൾ ജില്ല തിരിച്ച്
എറണാകുളം 118
കോഴിക്കോട് 64
തൃശൂർ 56
ഇടുക്കി 47
പാലക്കാട് 40
കണ്ണൂർ 38
കോട്ടയം 35
കാസർകോട് 34
ആലപ്പുഴ 33
മലപ്പുറം 28
കൊല്ലം 25
തിരുവനന്തപുരം 19
പത്തനംതിട്ട 8
വയനാട് 2