കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ മെഗാ നൃത്തസന്ധ്യ നടത്തി ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയ മൃദംഗവിഷൻ നടത്തിയത് വൻ രജിസ്‌ട്രേഷൻ കൊള്ള. നൃത്തസന്ധ്യയിൽ ഭാഗമായവരിൽ നിന്ന് 1500 രൂപ മുതൽ 5000 രൂപ വരെ വയനാട്ടിൽ പ്രവർത്തിക്കുന്ന ഈ പ്രസിദ്ധീകരണം രജിസ്‌ട്രേഷൻ ഫീസായി പിരിച്ചു. വസ്ത്രത്തിന് 1600 രൂപ വാങ്ങി. രക്ഷിതാക്കൾക്ക് പരിപാടി കാണാൻ ടിക്കറ്റും എടുക്കേണ്ടി വന്നു.
''പലരും സർക്കാർ പരിപാടിയാണെന്ന് കരുതിയാണ് നൃത്തസന്ധ്യയിൽ ഭാഗമായത്. തമിഴ്‌നാടിന്റെ റെക്കാഡ് ഭേദിക്കുന്നതിനായി കേരളം പന്ത്രണ്ടായിരം നർത്തകരെ അണിനിരത്തി പരിപാടി സംഘടിപ്പിക്കുന്നു എന്നായിരുന്നു പ്രചാരണം. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയാണ് നൃത്തം ചിട്ടപ്പെടുത്തിയത്. പ്രശ്‌നങ്ങൾക്ക് ശേഷം യാതൊരുവിധത്തിലുള്ള വിവരങ്ങളും അധികൃതർ നൽകിയില്ല,"" നൃത്തസന്ധ്യയിൽ പങ്കെടുത്ത കുട്ടിയുടെ മാതാവ് പറഞ്ഞു.
നൃത്തസ്‌കൂളുകൾ വഴിയാണ് നർത്തകരെ പരിപാടിയുടെ ഭാഗമാക്കിയത്. ഒരുവർഷത്തെ ഒരുക്കമാണ് നടത്തിയതെന്ന് സംഘാടകർ പറയുന്നു. നീല പട്ടുസാരി നൽകുമെന്നായിരുന്നു വാഗ്ദാനം. സാധാരണ കോട്ടൻസാരിയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഭക്ഷണത്തിനും താമസത്തിനും മേയ്ക്കപ്പിനും പണം ചിലവാക്കിയാണ് പലരും കൊച്ചിയിൽ എത്തിയത്. ഗിന്നസ് റെക്കാഡ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു മോഹിപ്പിച്ചത്.
പരിപാടി ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് ഉമ തോമസ് എം.എൽ.എ വി.ഐ.പി ഗാലറിയിൽ നിന്ന് വീണത്. എന്നിട്ടും മെഗാ നൃത്തസന്ധ്യയുമായി സംഘാടകർ മുന്നോട്ടുപോയി. തുടർന്നുള്ള പ്രമുഖരുടെ നൃത്തപരിപാടി റദ്ദാക്കുകയും ചെയ്തു.