
കൊച്ചി: 78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബാൾ മത്സരത്തിന്റെ കലാശപ്പോരാട്ടത്തിന് ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ കേരളം ഇന്ന് ബൂട്ടണിയുമ്പോൾ, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ഇത് അഭിമാനത്തിന്റെയും ഒപ്പം ആകാംക്ഷയുടെയും സമയം. കേരള ടീമിലെ മിന്നും താരങ്ങളായ മുഹമ്മദ് റോഷൽ, ആദിൽ അമൽ, മുഹമ്മദ് അജ്‌സൽ എന്നിവർ എം.എ. കോളേജിന്റെ കായിക താരങ്ങളാണ്. ഞായറാഴ്ച മണിപ്പൂരുമായി നടന്ന സെമിയിൽ ഹാട്രിക് ഗോൾ നേടിയ മുഹമ്മദ് റോഷലും, ആദിൽ അമലും കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാർത്ഥികളാണ്.
മുഹമ്മദ് അജ്‌സൽ പൂർവ്വ വിദ്യാർത്ഥിയും. കേരള ടീമിന്റെ സഹ പരിശീലകനായ പ്രൊഫ.സി. ഹാരി ബെന്നി എം.എ. കോളേജിലെ കായിക വകുപ്പ് മേധാവിയുമാണ്. പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുംബാംഗമായ ഹാരി കേരളത്തിലെ കായിക അദ്ധ്യാപകരിൽ ആദ്യമായി ഏഷ്യൻ ഫുട്‌ബോൾ ഫെഡറഷന്റെ ഗോൾ കീപ്പിംഗ് 'ബി ലൈസൻസ്' നേടിയ വ്യക്തിയാണ്.