
കടലക്കറിക്കും മൈസൂർ പാക്കിനും ആവശ്യക്കാരേറെ
കൊച്ചി. ഭക്ഷണക്കാര്യത്തിൽ കൊച്ചിക്കാർ പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായി സ്വിഗ്ഗിയുടെ കണക്കുകൾ. കൊച്ചിയിൽ ചിക്കൻ ബിരിയാണിക്കൊപ്പം നോൺ വെജ് സ്ട്രിപ്പുകൾക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യൻ ബ്രേക്ക്ഫാസ്റ്റിനും നടപ്പുവർഷം ആവശ്യക്കാരേറിയെന്ന് സ്വിഗ്ഗിയുടെ 2024ലെ കണക്കുകൾ വ്യക്തമാക്കുന്നു.
കൊച്ചിക്കാർക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തിൽ ചിക്കൻ ബിരിയാണി തന്നെയാണ് മുന്നിൽ. 2024ൽ 11 ലക്ഷം ബിരിയാണിയുടെ ഓർഡറാണ് സ്വിഗ്ഗി വഴി നൽകിയത്. ലഘു ഭക്ഷണത്തിൽ ചിക്കൻ ഷവർമയാണ് ഒന്നാം സ്ഥാനത്ത്. 79,713 ഷവർമയാണ് സ്വിഗ്ഗി ഡെലിവർ ചെയ്തത്. ചിക്കൻ റോളും ചിക്കൻ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 ഓർഡറുകളുമായി ചോക്ലേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ചോക്ലേറ്റ് ക്രീം കേക്ക് തൊട്ട് പിറകിൽ തന്നെയുണ്ട്.
പ്രാതലിന് പ്രിയങ്കരം ദോശ തന്നെ. 2.23 ലക്ഷം ദോശയാണ് 2024ൽ ഓർഡർ ചെയ്യ്തത്. കടലക്കറിയും പൂരിയും ഇഡ്ഡലിയും കൊച്ചിക്കാർക്ക് പ്രിയപ്പെട്ടതാണ്. ഗീ മൈസൂർ പാക്കും, ചോക്കാ ലാവ കേക്കിനും മിൽക്ക് കേക്കിനും കിണ്ണത്തപ്പവുമാണ് മധുരത്തിൽ മുന്നിൽ നിൽക്കുന്നത്.
31 ലക്ഷം ഡിന്നർ ഓർഡറുകളാണ് ഈ വർഷം സ്വിഗ്ഗിക്ക് ലഭിച്ചത്. 17,622 രൂപ ചെലവിട്ട് 18 സ്‌പൈസി ചിക്കൻ മന്തി ഓർഡർ ചെയ്ത ഒരു ഉപഭോക്താവാണ് ഏറ്റവും ഉയർന്ന തുകക്കുള്ള ഓർഡർ നൽകിയത്.
കൊച്ചിക്കാരുടെ ആഘോഷ വേളകളിൽ ഭാഗമായതിൽ അതീവ സന്തുഷ്ടരാണെന്ന് സ്വിഗ്ഗി ഫുഡ് മാർക്കറ്റ് പ്ലേസ് ചീഫ് ബിസിനസ് ഓഫീസർ സിദ്ധാർത്ഥ് ബാക്കു പറഞ്ഞു.