1

കുന്നംകുളം: ഭർത്താവ് പുറത്തുപോയ സമയത്ത് വീട്ടിൽക്കയറി മോഷണത്തിന് ശ്രമിച്ചയാൾ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതിയായ ബന്ധുവിനെ ഒരു മണിക്കൂറിനുള്ളിൽ ഒരു കിലോമീറ്റർ അകലെയുളള ക്ഷേത്രത്തിന് സമീപത്ത് നിന്ന് നാട്ടുകാർ പിടികൂടി. കുന്നംകുളം ആർത്താറ്റ് നാടഞ്ചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധുവാണ് (55) ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി മുതുവറ സ്വദേശി കണ്ണനെ ചീരംകുളത്ത് നിന്നാണ് പിടികൂടിയത്.

സിന്ധുവിന്റെ മാലയും വളയും അടക്കമുള്ള സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. കണ്ണന്റെ ഭാര്യാസഹോദരിയാണ് സിന്ധു. മണികണ്ഠൻ വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്താണ് കണ്ണൻ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഈസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. എട്ടുമണിയോടെ വീട്ടിലെത്തിയ മണികണ്ഠൻ സിന്ധുവിനെ കഴുത്ത് അറുത്തു മാറ്റിയ നിലയിൽ അടുക്കളയിൽ കണ്ടെത്തുകയായിരുന്നു. സിന്ധു വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയാണ്. മണികണ്ഠൻ ഗൾഫിലായിരുന്നു.


കണ്ണനെക്കുറിച്ച് മോശമായി പറഞ്ഞുവെന്ന് സംശയിച്ച് സിന്ധുവിനോട് കണ്ണന് വിരോധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വൈകിട്ട് ആറിന് കുന്നംകുളത്ത് ബസിലെത്തിയ കണ്ണൻ ഓട്ടോയിൽ വീട്ടിലെത്തുകയായിരുന്നു. മാസ്‌കും കറുത്ത ടീഷർട്ടും ധരിച്ചെത്തിയ കണ്ണൻ പെട്ടെന്ന് വീട്ടിൽ ഓടിക്കയറി ആക്രമിച്ച് ആഭരണങ്ങൾ തട്ടിയെടുത്തു. വീടിന്റെ പിൻവശത്തെ ഗ്രിൽ തുറന്ന് പാടം വഴി ചീരംകുളം ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോൾ സംശയം തോന്നിയ നാട്ടുകാർ പിടികൂടുകയായിരുന്നു. കുന്നംകുളം പൊലീസെത്തി കണ്ണനെ പിടികൂടി. സിന്ധുവിന്റെ മകൾ ആര്യശ്രീ വിവാഹിതയാണ്. മകൻ ആദർശ് മുംബയിലാണ്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റാനുളള നടപടികൾ തുടങ്ങി.