 
തൃപ്പൂണിത്തുറ: മുളന്തുരുത്തി ബ്ലോക്കിലെ വിദ്യാലയങ്ങളിൽ തുമ്പൂർമൂഴി ജൈവമാലിന്യ സംസ്ക്കരണ പദ്ധതി നടപ്പിലാക്കുന്ന ആദ്യ പഞ്ചായത്തായി ഉദയംപേരൂർ. പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉദയംപേരൂർ പഞ്ചായത്ത് നിർമ്മിച്ചു നൽകുന്ന തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിംഗ് ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനം പ്രിൻസിപ്പൽ അനൂപ് സോമരാജ് നിർവഹിച്ചു.
ജൈവമാലിന്യ സംസ്കരണത്തിന് വളരെ ഫലപ്രദവും കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചെലവിൽ നടപ്പിലാക്കാവുന്നതുമായ പരിസ്ഥിതി സൗഹൃദപദ്ധതിയാണ് തുമ്പൂർമുഴി മാതൃക. കാര്യക്ഷമമായ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക സാമൂഹ്യപ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കാം. തെരുവ് നായ്ക്കളുടെ വംശവർദ്ധനവും പരിസ്ഥിതി മലിനീകരണവും സാംക്രമിക രോഗങ്ങൾ പകരുന്നതും ഇത് നിയന്ത്രിക്കും. ഗ്രാമപഞ്ചായത്ത് അംഗം എ.എസ്. കുസുമൻ, അനിൽ കെ. സുധാകരൻ എന്നിവർ സംസാരിച്ചു.