തൃപ്പൂണിത്തുറ: വീടിനുള്ളിൽ കുടുങ്ങി അവശനായ വയോധികന് രക്ഷകരായി തൃപ്പൂണിത്തുറ ഫയർഫോഴ്സ്. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ക്ഷേത്രത്തിന് സമീപം കാരുള്ളിൽ ലെയിനിൽ റിട്ട. ടി.ടി.ഇ കളപ്പാട്ടിൽ നാരായണൻകുട്ടിയാണ് (84) വാതിലുകൾ അടഞ്ഞ് വീട്ടിൽ കുടുങ്ങിയത്. ഈ സമയം കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. അയൽവാസി അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ ഫയർഫോഴ്സ് ജനൽ കമ്പികൾ ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് അറുത്തുമാറ്റി വീടിനുള്ളിൽ കടന്നു. അബോധാവസ്ഥയിൽ കിടന്നിരുന്ന നാരായണൻകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഷുഗർലെവൽ താഴ്ന്നതാണ് അവശനാകാർ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സീനിയർ ഫയർ റെസ്ക്യു ഓഫിസർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ എ.ജി. ജിതിൻ, എം.ജി. ദിൻകർ, പി.പി. പ്രവീൺകുമാർ, സിൻമോൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.