
അങ്കമാലി: സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാംബു കോർപ്പറേഷൻ അടച്ചു പൂട്ടലിലേക്ക് .14 മാസമായി തൊഴിലാളികൾക്ക് ശമ്പളമില്ല. ഈറ്റ വെട്ട്, പനമ്പ് നെയ്ത്ത് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി 1971 ൽ രൂപീകരിച്ച പൊതുമേഖല സ്ഥാപനമാണ് ബാംബൂ കോർപ്പറേഷൻ. ഒരുകാലത്ത് സ്വകാര്യ മുതലാളിമാരുടെ കൈപ്പിടിയിലമർന്നിരുന്ന ഈ മേഖലയിലെ ചൂഷണം ഒഴിവാക്കാനായി സർക്കാർ ഏറ്റെടുത്ത് ആരംഭിച്ചതാണ് ബാംബൂ കോർപ്പറേഷൻ. പൊതുമേഖല സ്ഥാപനമായി അംഗീകരിച്ചതോടെ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗവുമായി ബാംബൂ കോർപ്പറേഷൻ മാറി.
ഓരോ വർഷവും സർക്കാർ അനുവദിക്കുന്ന സാമ്പത്തിക സഹായത്തെയും വ്യവസായ വകുപ്പ് നൽകുന്ന വായ്പയെയും ആശ്രയിച്ചായിരുന്നു ബാംബൂ കോർപ്പറേഷന്റെ പ്രവർത്തനം. അങ്കമാലി ആസ്ഥാന മന്ദിരത്തിലും റെയിൽവെ സ്റ്റേഷൻ പരിസരം, ബാബു ബോർഡ് ഫാക്ടറി, വാടാട്ടു പാറ കോതമംഗലം, പെരുമ്പാവൂർ വല്ലം, കോഴിക്കോട് നാദാപുരം എന്നിവിടങ്ങളിലായി എട്ട് ഏക്കറോളം ഭൂമി കോർപ്പറേഷന്റെ അധീനതയിലുണ്ട്. സർക്കാരും വ്യവസായ വകുപ്പുമായോ മറ്റേതെങ്കിലും പൊതുമേഖല സ്ഥാപനമായോ ലയിപ്പിച്ച് കണ്ണായ ഭൂമികളിൽ ലാഭകരമായ പദ്ധതികൾ നടപ്പിലാക്കി തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
22 കോടിയുടെ ബാദ്ധ്യത
ശമ്പള കുടിശിക അടക്കം 22 കോടി രൂപയുടെ ബാദ്ധ്യതയിലും നഷ്ടത്തിലുമാണ് ബാംബൂ കോർപ്പറേഷൻ. ഡിപ്പോ തൊഴിലാളികളുടെ പി.എഫ് അടയ്ക്കാനുള്ളത് 3 കോടി രൂപ, ജി.എസ്.ടി 3 കോടി, നെയ്ത്തു തൊഴിലാളികളുടെ ഡി.എ 4കോടി, നെയ്ത്തു കേന്ദ്രങ്ങളുടെ വാടക 1 കോടി, പിരിഞ്ഞുപോയ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി എന്നിങ്ങനെ കുടിശികയായി കിടക്കുന്ന കോടികളുടെ പട്ടിക നീളുകയാണ്. 6000 പനമ്പ് നെയ്ത്ത് തൊഴിലാളികളും 200 ഈറ്റവെട്ട് തൊഴിലാളികളും നൂറുകണക്കിന് കരകൗശല തൊഴിലാളികളും ഈറ്റ- കാട്ടുവള്ളി തഴ തൊഴിൽ ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും ഡിപ്പോ തൊഴിലാളികളും ഫാക്ടറി തൊഴിലാളികളും കോർപ്പറേഷൻ ജീവനക്കാരുമാണ് ബാംബു കോർപ്പറേഷന്റെ കീഴിലുള്ളത്.
 പനമ്പ് നെയ്യുന്ന തൊഴിലാളികൾക്ക് ഈറ്റ ലഭിക്കുന്നില്ല.
ബാംബു ബോർഡ് ഫാക്ടറിയിൽ ഉത്പന്നം കെട്ടിക്കിടക്കുന്നു.
1.5കോടി രൂപയുടെ ബാംബൂ ബോർഡ് കെട്ടിക്കിടക്കുകയാണ്.
1 കോടി രൂപയുടെ പനമ്പ് വിവിധ നെയ്ത്ത് കേന്ദ്രങ്ങളിൽ കെട്ടി കിടക്കുന്നു,
 കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള നടപടി മാനേജ്മെന്റ് സ്വീകരിക്കുന്നില്ല.