
കൊച്ചി: 30 വർഷത്തെ ബി.ഒ.ടി കരാർ കാലാവധി ഡിസംബർ 31ന് അവസാനിച്ച മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുത്ത് കെ.എസ്.ഇ.ബിക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനിക്ക് കരാർ നീട്ടിക്കൊടുത്ത് അഴിമതി നടത്താൻ വ്യവസായമന്ത്രി ഇടനിലക്കാരനായി മുഖ്യമന്ത്രി വഴി ശ്രമിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കരാർ 25 വർഷം കൂടി നീട്ടാനാണ് ശ്രമം. ഏറ്റെടുക്കണമെന്ന് വൈദ്യുതി ബോർഡും വൈദ്യുതി മന്ത്രിയും ആവശ്യപ്പെട്ടെങ്കിലും യൂണിവേഴ്‌സൽ കാർബൊറാണ്ടം കമ്പനിക്ക് തുടർന്നും നൽകാനാണ് വ്യവസായമന്ത്രിക്കു താത്പര്യം. പ്രളയം വന്ന രണ്ടു വർഷം നഷ്ടം സംഭവിച്ചെന്നാണ് കമ്പനിയുടെ വാദം. നഷ്‌ടം സംഭവിച്ചത് സർക്കാരിനെ അറിയിക്കുകയോ ഇൻഷ്വറൻസ് ക്ളെയിം ഉന്നയിക്കുകയോ കമ്പനി ചെയ്‌തിട്ടില്ല. 30 വർഷം കൊണ്ട് 800 കോടിയോളം രൂപ ലാഭമുണ്ടാക്കിയ കമ്പനിയുടെ ആവശ്യം അംഗീകരിക്കരുത്. യൂണിവേഴ്സൽ കാർബൊറാണ്ടം പുതിയ ഏഴു വ്യവസായങ്ങൾ ആരംഭിക്കുമെന്ന പേരിലാണ് കരാർ നീട്ടിനൽകാൻ മന്ത്രി പി. രാജീവ് താത്പര്യമെടുക്കുന്നത്. . വലിയ അഴിമതിക്കുള്ള കറവപ്പശുവായി കരാറിനെ സി.പി.എം ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചത് ചട്ടങ്ങൾ ലംഘിച്ച് സി.പി.എമ്മിന്റെ ഇടപെടലിലൂടെയാണ്. . മുമ്പ് പരോളിലിറങ്ങി സ്വർണം പൊട്ടിച്ച കേസിൽപ്പെട്ടയാൾക്ക് വീണ്ടും പരോളിന് അർഹതയില്ല.