padam

കൊച്ചി: ക്രിക്കറ്റിൽ മാത്രമല്ല, നേഹ സിവി ഷോട്ട് പുട്ടിലും പുപ്പുലി. കേന്ദ്ര സിലബസ് സ്കൂളുകളുടെ സംസ്ഥാന കായികമേളയിൽ അണ്ടർ 17 പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ സിവിയെ വെല്ലാൻ ആരുമുണ്ടായില്ല. 9.7 മീറ്റർ ദൂരം ഷോട്ട് പായിച്ചാണ് പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അണ്ടർ 17 കേരള വനിതാ ക്രിക്കറ്റ് ടീം അംഗം സ്വർണത്തിൽ മുത്തമിട്ടത്. പോയവർഷം ജില്ലയിലും 2022ൽ സംസ്ഥാന തലത്തിലും ഈയിനത്തിൽ സ്വർണം നേടിയിരുന്നു.

ചെറുപ്പം മുതൽ കായിക രംഗത്തുണ്ട് നേഹ. ഏഴാം ക്ലാസിൽ പഠിക്കെ ക്രിക്കറ്റിലേക്ക് തിരിഞ്ഞു. സ്‌കൂളിലെ വേനൽ അവധി ക്രിക്കറ്റ് ക്യാമ്പിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. ഒരു കൗതുകത്തിന് ഷോട്ട് പുട്ടും തിരഞ്ഞെടുത്തു. രണ്ടിലും നേട്ടങ്ങൾ വാരിക്കൂട്ടി. തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ക്ലബിലാണ് പരിശീലനം. പുലർച്ചെ നാലിന് വീട്ടിൽ നിന്ന് ഇറങ്ങും. 8.30 വരെ പരിശീലനം. ഇവിടെ നിന്ന് സ്‌കൂളിലേക്ക്. വർഷങ്ങളായി ഇതാണ് വിക്കറ്റ് കീപ്പർ ബാറ്ററായ നേഹയുടെ ദിനചര്യ. സിവി ചന്ദ്രൻ-സുനിത എന്നിവരാണ് മാതാപിതാക്കൾ.